ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് ഓഫിസിന് തൊട്ടടുത്തുള്ള ഇരുനില വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കള കത്തിനശിച്ചു. കാഞ്ഞങ്ങാട് -കാസർകോട് സംസ്ഥാന പാതയോരത്തെ ശ്രീജ നിലയത്തിൽ ചൊവ്വാഴ്ച പുലർച്ചെ ആറിനാണ് അടുക്കളയിൽനിന്ന് തീപ്പുക ഉയരുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വീട്ടുകാരും സമീപവാസികളും പാലക്കുന്ന് ടൗണിൽനിന്നെത്തിയ യുവാക്കളും ചേർന്ന് തീയണച്ചു. ആളപായമില്ല. റഫ്രിജറേറ്ററും മറ്റു ഗൃഹോപകരണങ്ങളും പൂർണമായും കത്തിനശിച്ചുവെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിതിരുന്നതിനാൽ വൻദുരന്തം ഒഴിവായ ആശ്വാസത്തിലാണ് വീട്ടുകാരും അയൽവാസികളും.
സംഭവം അറിഞ്ഞ ഉടനെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ചു. കാസർകോടുനിന്ന് അഗ്നിശമന സേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തിയിരുന്നു. ചുമരിനും ജനാലകൾക്കും കേടുപാടുകൾ പറ്റിയെങ്കിലും മറ്റിടങ്ങളിലേക്ക് തീ പടരും മുമ്പേ അണക്കാനായി.
ഷോർട്ട് സർക്യുട്ടാണെന്നാണ് പ്രാഥമിക നിഗമനം. കരിപ്പോടി പ്രാദേശിക സമിതി പ്രസിഡൻറ് സുരേഷുകുമാറും സഹോദരങ്ങളും കുടുംബവും താമസിക്കുന്ന വീടാണിത്. പാലക്കുന്നിലും പള്ളിക്കരയിലും വർഷങ്ങളായി പച്ചക്കറിക്കട നടത്തുന്നവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.