ഉദുമ: റെയിൽവേ ഗേറ്റ് തുറക്കുംവരെ കാത്തിരുന്നാലും പാലക്കുന്നിൽ പ്ലാറ്റ്ഫോമിനെ രണ്ടായി പകുത്ത് പോകുന്ന റോഡിന്റെ അപ്പുറം കടക്കാൻ ദുരിതം പേറുകയാണ് നാട്ടുകാർ. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിലൂടെയുള്ള വാഹന യാത്രയിൽ ഗേറ്റ് തുറന്നു കിട്ടിയാലും അപ്പുറമെത്തണമെങ്കിൽ നടുവൊടിയാതെ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
സ്കൂൾ കുട്ടികൾ അടക്കം കാൽനടക്കാർ ടൗണിലെത്താൻ ഉപയോഗിക്കുന്ന തിരക്കുള്ള പാതയാണിത്. റെയിൽപാളമടക്കം 50 മീറ്ററോളം മാത്രം നീളമുള്ള റോഡ് യാത്രയാണ് ദുരിതമാകുന്നത്.
മൂന്ന് റെയിൽപാളങ്ങൾ കടന്നുപോകുന്ന പ്ലാറ്റ്ഫോമിന്റെ ഭാഗമാണ് ഈ റോഡ്. കോട്ടിക്കുളം റെയിൽവേ ഗേറ്റിന്റെ ഇരുഭാഗത്തുമുള്ള പാത യാത്രായോഗ്യമല്ലാതായിട്ട് വർഷങ്ങളായി. മഴക്കാലമായാൽ സ്ഥിതി അതീവ ഗുരുതരവും. ട്രെയിനുകൾ പോയാൽ ഗേറ്റ് തുറക്കുന്നതോടെ ഇരുഭാഗത്തുനിന്നും അപ്പുറം കടന്നുകിട്ടാൻ വാഹനയാത്രക്കാർ പെടാപ്പാട് പെടുകയാണിവിടെ.
റോഡ് ഗതാഗതയോഗ്യമല്ലാത്തതാണ് കാരണം. ടാറിങ്ങോ കോൺക്രീറ്റോ ഇല്ലാതെ കരിങ്കൽ ചീളുകൾ മാത്രമുള്ള കുഴി നിറഞ്ഞ റെയിൽവേയുടെ കീഴിലെ അപ്രോച്ച് റോഡാണിത്. യാത്ര തുടരാൻ നാട്ടുകാർക്കിത് ഉപയോഗിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. കുലുങ്ങിക്കുലുങ്ങി ഇരുചക്ര വാഹനങ്ങൾ ഇടക്കിടെ തെന്നി വീഴുന്നതും പതിവാണ്. ഒരപകടം വരും മുമ്പേ ഈ റോഡ് യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നത്.
നിർദിഷ്ട മേൽപാലം എന്ന് വരും എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത സാഹചര്യത്തിൽ, ഹമ്പ് മുതൽ ഹമ്പ് വരെയുള്ള യാത്രയെങ്കിലും അപകടരഹിതമാക്കാൻ റെയിൽവേ കനിയണമെന്നാണ് കാൽനടക്കാരും വാഹനമോടിക്കുന്നവരും ആവശ്യപ്പെടുന്നത്. റെയിൽവേയുടെ അധീനതയിലുള്ള ഈ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തി യാത്ര സുഗമമാക്കാൻ പഞ്ചായത്ത് തയാറാണെങ്കിലും റെയിൽവേയുടെ അധീനതയിലായതിനാൽ അനുമതി ലഭിക്കുന്നില്ല എന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
റെയിൽവേ അതിനായി തയാറാകുന്നില്ലെന്ന് വാർഡ് അംഗം സൈനബ അബൂബക്കർ പറഞ്ഞു. റെയിൽവേ ഗേറ്റ് മുതൽ ഇരുഭാഗത്തുമുള്ള ഭാഗം ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് പാലക്കുന്ന് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും കോട്ടിക്കുളം മർച്ചൻറ് നേവി ക്ലബും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.