കൊച്ചി: നഗര റോഡുകളുടെ തകർച്ചക്ക് ഉത്തരവാദികളായ കരാറുകാർക്കും എൻജിനീയർമാർക്കുമെതിരെ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് ഹൈകോടതി കൊച്ചി കോർപറേഷെൻറ വിശദീകരണം തേടി. കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് നേരിട്ട് ഹാജരായിരുന്ന നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറി ചന്ദ്രൻ നായരുടെ സാന്നിധ്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്.
നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
റോഡുകളുടെ ശോച്യാവസ്ഥക്ക് എൻജിനീയർമാർക്കും കരാറുകാർക്കും ഉത്തരവാദിത്തം ചുമത്താനും ഇവർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചിരുന്നു. നഗരസഭ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി കഴിഞ്ഞ തവണ നിർദേശം നൽകി. തുടർന്നാണ് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഹാജരായത്.
റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നു വരികയാണെന്നും മൂന്ന് ആഴ്ചക്കകം പൂർത്തിയാകുമെന്നും നഗരസഭ അഭിഭാഷകൻ അറിയിച്ചു. മാവേലി റോഡിെൻറ ജോലികൾ പൂർത്തിയാക്കാൻ രണ്ടു മാസം വേണമെന്നും വ്യക്തമാക്കി. ഇതിന് ശേഷമാണ് എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് കോടതി ആരാഞ്ഞത്.
കോർപറേഷെൻറ ചുമതലയിലല്ലാത്ത നഗര റോഡുകൾ സംബന്ധിച്ച വിശദാംശങ്ങളും കോടതി തേടി. കുണ്ടന്നൂർ -പേട്ട റോഡിെൻറ പണികൾ അന്തിമ ഘട്ടത്തിലാണെന്നും രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. പാർക്ക് അവന്യൂ റോഡിെൻറ ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്ന് നഗരസഭ അറിയിച്ചു. എന്നാൽ, കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിെൻറ ചുമതലയിലാണ് ഈ റോഡെന്ന് സർക്കാർ വിശദീകരിച്ചു. ഈ റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി സ്മാർട്ട് സിറ്റി മിഷെൻറ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും ഒക്ടോബർ 28ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.