വൈപ്പിന്‍: ക്രിസ്മസ് ദിനത്തിലും കുടിവെള്ളം കിട്ടാതെ തെരുവിലിറങ്ങിയ ജനം തിങ്കളാഴ്ച വൈപ്പിന്‍ സംസ്ഥാന പാത ഉപരോധിച്ചു. രാവിലെ ആറരയോടെയാണ് സമരം ആരംഭിച്ചത്. എടവനക്കാട് പഴങ്ങാട് വില്ലേജ് ഓഫിസിന് മുന്നിലാണ് സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്. ആളുകള്‍ റോഡില്‍ കുത്തിയിരുന്നതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
പഞ്ചായത്ത് പ്രതിനിധികളുടെയും പൊലീസിെൻറയും അഭ്യര്‍ഥന പ്രകാരം ഒരുമണിക്കൂർ സമരം നിര്‍ത്തിവെച്ചു.
എന്നാല്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പത്തുമണിയോടെ എത്താമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താത്തതിനെ തുടര്‍ന്ന് വീണ്ടും ജനങ്ങള്‍ റോഡ് ഉപരോധവുമായി രംഗത്തെത്തി. ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കും നഗരത്തിലേക്കു പോകാനും തിരിച്ചും യാത്രചെയ്യേണ്ടവര്‍ ഇരു വശത്തും കുടുങ്ങിക്കിടന്നു. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു യാത്രക്കാരെയും പ്രതിഷേധക്കാര്‍ കടത്തി വിട്ടില്ല. വേലിയേറ്റ ദുരിതത്തിനിടയിലാണ് വൈപ്പിനില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായത്. രൂക്ഷമായ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്ന മേഖലയാണ് എടവനക്കാട് പതിമൂന്നാം വാര്‍ഡ്.
ഒന്നിടവിട്ട ദിവസങ്ങളില്‍ 12 മണിക്കൂര്‍ മാത്രമാണ് പമ്പിങ്ങ് നടത്തുന്നത.് ഇത് 24 മണിക്കൂര്‍ ആയി ഉയര്‍ത്തണമെന്നായിരുന്നു നാട്ടുകാരുടെയും ആവശ്യം. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ ആദ്യം എ.ഇ തയാറായില്ല. എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുൽ സലാം, വൈസ് പ്രസിഡൻറ് വി.കെ. ഇക്ബാല്‍, മറ്റു അംഗങ്ങൾ എന്നിവര്‍ സമരക്കാരുമായി സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ 24 മണിക്കൂര്‍ പമ്പിങ് എന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു. ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.
ഞാറക്കല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങളും ജനങ്ങളും ഉള്‍പ്പെടെയുള്ള ആളുകള്‍ മാലിപ്പുറം വാട്ടര്‍ അതോറിറ്റി ഓഫിസില്‍ സമരം നടത്തി. മാലിപ്പുറം ആശുപത്രിക്കുമുന്നില്‍ വഴിതടഞ്ഞു.
വൈകീട്ടോടെ ഞാറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. ടി. ഫ്രാന്‍സിസ്, വൈസ് പ്രസിഡൻറ് മിനി രാജു, സ്ഥിരം സമിതി അധ്യക്ഷരായ ചെറിയാന് വാളൂരാന്‍, രാജി ജിഘോഷ് എന്നിവര്‍ ജലഅതോറിറ്റി ഓഫിസിലെത്തി കുത്തിയിരിപ്പ് ആരംഭിച്ചു.
സാങ്കേതിക പ്രശ്നങ്ങളാണ് എന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും അവ പരിഹരിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് ജനപ്രതിനിധികളുടെയും സമരക്കാരുടെയും ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.