വൈപ്പിൻ: മൊബൈൽ റേഞ്ച് ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ ക്ലാസുകളിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾക്ക് സഹായവുമായി അധ്യാപകർ. എടവനക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ മായാബസാറിലെ കുട്ടികൾക്കായാണ് എച്ച്.ഐ.എച്ച്.എസ്.എസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠന സൗകര്യമൊരുക്കിയത്.
മൊബൈലുകളുണ്ടായിട്ടും മായാബസാർ പ്രദേശത്ത് റേഞ്ച് ലഭ്യമല്ലാതായതോെട ഓൺലൈൻ ക്ലാസുകൾ നിരവധി കുട്ടികൾക്ക് ലഭ്യമാകുന്നില്ലെന്ന് മനസ്സിലാക്കിയ അധ്യാപകർ വാർഡംഗം സുനൈനയുടെ സേവന കേന്ദ്രത്തിൽ വൈഫൈ സംവിധാനം ഒരുക്കുകയായിരുന്നു.
മുതിർന്ന ക്ലാസിലെ കുട്ടികൾക്കായി രണ്ട് ലാപ്ടോപും സജ്ജമാക്കി. മൊബൈലിൽ ക്ലാസ് ലഭിക്കാത്ത കുട്ടികൾക്ക് ഇനി മുതൽ സേവന കേന്ദ്രത്തിലെത്തി ക്ലാസുകൾ വീക്ഷിക്കാനാകും. ചൊവ്വാഴ്ച രാവിലെ പഠന കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു.
വാർഡംഗം സുനൈന സുധീർ, വൈപ്പിൻ ബി.ആർ.സി പ്രോഗ്രാം കോഒാഡിനേറ്റർ കെ. ടി. പോൾ, സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ, പി.ടി.എ പ്രസിഡൻറ് കെ.എ. സാജിത്ത് എന്നിവർ സംസാരിച്ചു. സെൻററിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യമായ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് അധ്യാപകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.