'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതി; ഉദ്ഘാടനം നാളെ

കൊല്ലം: കടലും തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് തങ്കശ്ശേരി ബസ് ബേയില്‍ മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ നിര്‍വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷതവഹിക്കും. മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവരുടെ സഹായത്തോടെ കടലും തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മന്ത്രി ജെ. ചിഞ്ചുറാണി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഡോ. സുജിത്​ വിജയന്‍പിള്ള, ജി.എസ്. ജയലാല്‍, സി.ആര്‍. മഹേഷ്, കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ.ഡാനിയല്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭക്ഷ്യസുരക്ഷ പരിശോധന; പഴകിയ മത്സ്യം നശിപ്പിച്ചു കൊല്ലം: 'ഓപറേഷന്‍ മത്സ്യ' പരിശോധനയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ കമീഷണറുടെ നിർദേശപ്രകാരം നീണ്ടകര ഹാര്‍ബറില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. മത്സ്യബന്ധനം നടത്തിയശേഷം ഹാര്‍ബറുകളിലേക്ക് എത്തിയ ബോട്ടുകളുടെ സ്റ്റോര്‍റൂമിലും ലേലഹാളിലും പരിശോധന നടത്തി. മത്സ്യസാമ്പിളുകളും ഐസിന്‍റെ സാമ്പിളുകളും ശേഖരിച്ച് വിശദ പരിശോധനക്ക്​ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്ക് അയച്ചു. ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ്​ കമീഷണര്‍ എസ്. അജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.