വീട്ടുമുറ്റത്തുനിന്ന ചന്ദനമരം മുറിച്ചുകടത്തി

കുളത്തൂപ്പുഴ: വീട്ടുമുറ്റത്തുനിന്ന ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ചുകടത്തി. കുളത്തൂപ്പുഴ പതിനൊന്നാംമൈല്‍ തടത്തിവിള പുത്തന്‍ വീട്ടില്‍ രാജു മോന്‍റെ വീട്ടുമുറ്റത്തുണ്ടായിരുന്ന 15 വര്‍ഷം പ്രായമായ ചന്ദനമരമാണ് കഴിഞ്ഞ രാത്രിയില്‍ മോഷണം പോയത്. രാവിലെ വീട്ടുകാര്‍ പുറത്തിറങ്ങുമ്പോള്‍ മുറ്റത്തു നിന്നിരുന്ന ചന്ദന മരത്തിന്‍റെ ശിഖരങ്ങളും ചെറിയ കൊമ്പുകളും കിടക്കുന്നതുകണ്ടാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ ഏഴംകുളം സെക്​ഷന്‍ ഫോറസ്റ്റ് വനപാലകരെ വിവരമറിയിക്കുകയും മോഷണം സംബന്ധിച്ച് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മരം മുറിച്ചിടുമ്പോള്‍ നിലത്തു വീണ്​ ശബ്ദം കേള്‍ക്കാതിരിക്കാനായി സമീപത്തെ മരങ്ങളിലേക്ക് കയറില്‍ വലിച്ചുകെട്ടി നിര്‍ത്തിയാണ് ചന്ദനമരം മുറിച്ചത്. വലിപ്പമുള്ള കഷണങ്ങള്‍ എടുത്ത ശേഷം ശിഖരങ്ങളും മറ്റും സമീപത്ത് ഉപേക്ഷിച്ച നിലയിലാണുള്ളത്. അതുകൊണ്ടു തന്നെ സ്ഥിരം മോഷ്ടാക്കള്‍ തന്നെയാകണം പിന്നിലെന്നും വിലയിരുത്തിയ അഞ്ചല്‍ റേഞ്ച് വനപാലകര്‍ തെളിവുകള്‍ ശേഖരിക്കുകയും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേ സമയം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ, കുളത്തൂപ്പുഴയില്‍ നടന്നിട്ടുള്ള നിരവധി ചന്ദന മോഷണങ്ങളില്‍ ഒന്നിലും ഇതുവരെയും ആരെയും പിടികൂടിയിട്ടില്ലെന്നതും കേസുകളെല്ലാം തന്നെ തെളിവുകളില്ലാതെ അവശേഷിക്കുകയും ചെയ്യുന്നതിനാല്‍ ഇപ്പോഴത്തെ അന്വേഷണവും കേസെടുക്കലും എല്ലാം പ്രഹസനം മാത്രമാണെന്ന്​ നാട്ടുകാര്‍ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.