വാഹനാപകടത്തില്‍ മരിച്ച യഹിയാകുട്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കുളത്തൂപ്പുഴ: കല്ലാര്‍ വനപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുളത്തൂപ്പുഴ സ്വദേശി യഹിയാക്കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ കുളത്തൂപ്പുഴ മുസ്​ലിം ജമാഅത്ത് ഖബർസ്ഥാനില്‍ സംസ്കരിച്ചു. കുളത്തൂപ്പുഴയിലെ ആദ്യകാല ലോറി ഉടമയും ഡ്രൈവറുമായ യഹിയാക്കുട്ടി നെടുമങ്ങാട് സ്വദേശിയായ തന്‍റെ സുഹൃത്തിന്‍റെ റബര്‍ തോട്ടത്തിലെ തൊഴിലാളികളുമായി എസ്റ്റേറ്റിലേക്ക് പോകുംവഴിയാണ് അപകടത്തില്‍ പെടുന്നത്. വര്‍ഷങ്ങളായി കിഴക്കന്‍ മേഖലയിലെ കൂപ്പുകളില്‍ നിന്ന്​ ഏതാണ്ടെല്ലാ വനപാതകളിലൂടെയും തടിലോഡുമായി ലോറികള്‍ ഓടിച്ചിട്ടുള്ള പരിചയ സമ്പത്തുള്ള ആളാണ് യഹിയാക്കുട്ടി. എല്ലാവരുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന അദ്ദേഹത്തെ കുറിച്ച് തൊഴിലാളികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നല്ലതേ പറയാനുള്ളൂ. കാട്ടാനകളുടെ ശല്യമുള്ള പാതയിലൂടെയുള്ള രാത്രിയാത്ര വേണ്ടെന്ന സുഹൃത്തുക്കളുടെ നിര്‍ദേശം സ്നേഹപൂര്‍വം നിരസിക്കുകയും രാവിലെ പോയാല്‍ താമസിക്കുമെന്നും തൊഴിലാളികളുടെ ഒരു ദിവസത്തെ ജോലി നഷ്ടപ്പെടുമെന്നുമുള്ള ആശങ്ക വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം രാത്രി തന്നെ എസ്റ്റേറ്റിലേക്ക് ഇന്ധനവും ഭക്ഷ്യസാധനങ്ങളുമായി മടങ്ങിയത്. എത്ര രാത്രിയായാലും കാട്ടുമൃഗങ്ങളുള്ള പാതയിലൂടെ വളരെ സൂക്ഷമതയോടെ മാത്രമേ വാഹനം ഓടിക്കാറുള്ളൂവെന്നു വ്യക്തമാക്കുന്ന സുഹൃത്തുക്കള്‍ക്ക് പാതയോരത്തെ പാറയിലിടിച്ച് വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നുള്ളത് ഇനിയും വിശ്വസിക്കാനായിട്ടില്ല. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച്​ സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. രാത്രി പത്തോടെ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.