കൊല്ലം: ട്രെയിനിലെ സീറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 20.12 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് 1.35 ന് ചെന്നൈ എഗ്മൂറിൽനിന്ന് കൊല്ലത്ത് എത്തിയ അനന്തപുരി എക്സ്പ്രസിൽനിന്നാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. എസ്-മൂന്ന് കോച്ചിന്റെ സീറ്റുകൾക്ക് അടിയിൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവ് ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. വിപണിയിൽ 10 ലക്ഷം രൂപ വില വരുമെന്നാണ് കണക്കുകൂട്ടൽ.
മൂന്ന് ഷോൾഡർ ബാഗുകളിലായിട്ടാണ് കഞ്ചാവ്. രണ്ട് കിലോ, ഒരു കിലോ, അര കിലോ, 250 ഗ്രാം എന്നീ അളവുകളിലാക്കി പേപ്പർ പൊതിഞ്ഞ് സെല്ലോ ടേപ്പ് ചുറ്റി കൺസീൽഡ് ചെയ്ത 11 പാക്കറ്റുകളാക്കിയാണ് കണ്ടെത്തിയത്. ഒരു ബാഗിന്റെ പൗച്ചിൽനിന്ന് രണ്ട് സിം കാർഡുകളും ലഭിച്ചു.
തമിഴ്നാട്ടിൽനിന്ന് കൊല്ലത്തേയ്ക്ക് കടത്തിക്കൊണ്ട് വന്നതാണെന്നാണ് സൂചന. വർക്കല റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ എത്തിയപ്പോഴാണ് ബാഗുകൾ ടിക്കറ്റ് പരിശോധകന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ സമീപത്ത് ഇരുന്ന ഏതാനും യുവാക്കൾ ട്രെയിനിൽനിന്ന് ഇറങ്ങിയോടി.
ഇവരുടെ വിഡിയോ ദൃശ്യങ്ങൾ ആർ.പി.എഫിന് ലഭിച്ചിട്ടുണ്ട്. ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ ആർ.പി.എഫ് ഇൻസ്പെക്ടർ രജനി നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
നടപടികൾ പൂർത്തിയാക്കി കഞ്ചാവ് കൊല്ലത്തെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കൊല്ലം എക്സൈസ് റേഞ്ച് ഓഫിസിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി. റോബർട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.