കൊല്ലം: തദ്ദേശ വാർഡ് വിഭജനത്തിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ അധികം വരുന്ന വാർഡുകൾ സംബന്ധിച്ച് ചിത്രം തെളിഞ്ഞു. ജില്ല പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 68 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ അധികമായി വരുന്ന വാർഡുകളുടെയും അവയിലെ സംവരണ കണക്കും സംബന്ധിച്ചാണ് സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. നിലവിൽ 26 വാർഡുകൾ ഉള്ള ജില്ല പഞ്ചായത്തിൽ വിഭജനംവഴി ഒരു വാർഡ് അധികമാകും. ഇതോടെ വനിത സംവരണ വാർഡുകൾ നിലവിലെ 13 എന്നതിൽനിന്ന് 14 ആകും. പട്ടികജാതി സംവരണം ജില്ല പഞ്ചായത്തിൽ നാല് ആയി തന്നെ തുടരും. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി നിലവിൽ 152 വാർഡുകൾ ആണ് ഉള്ളത്. ഇത് 166 വാർഡുകളായി ഉയരും.
ഓച്ചിറ -16(നിലവിൽ 14), ശാസ്താംകോട്ട-15 (14), വെട്ടിക്കവല- 15 (14), പത്തനാപുരം-14(13), അഞ്ചൽ-16 (15), കൊട്ടാരക്കര-14(13), ചിറ്റുമല -14(13), ചവറ -14(13), മുഖത്തല-17(15), ഇത്തിക്കര -14 (13), ചടയമംഗലം -17 (15) എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിൽ പുതിയതായി വരുന്ന വാർഡുകളുടെ എണ്ണം. ഓച്ചിറ, മുഖത്തല, ചടയമംഗലം ബ്ലോക്കുകളിൽ രണ്ട് വീതം വാർഡുകൾ ആണ് വർധിക്കുന്നത്. മറ്റ് ബ്ലോക്കുകളിലെല്ലാം ഓരോ വാർഡുകളും വർധിക്കും.
ജില്ലയിലെ ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളിൽ മൂന്ന് പഞ്ചായത്തുകൾ ഒഴികെ, 65 പഞ്ചായത്തുകളിലായി 80 വാർഡുകൾ അധികമായി വരും. നിലവിൽ ആകെ 1234 പഞ്ചായത്ത് വാർഡുകൾ ആണ് ജില്ലയിൽ ഉള്ളത്. വിഭജനം പൂർത്തിയാകുന്നതോടെ ആകെ പഞ്ചായത്ത് വാർഡുകൾ 1314 ആയി ഉയരും. ഇതോടെ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് 14 വാർഡുകൾ ആയി മാറും. കുണ്ടറ(14), പിറവന്തൂർ(21), ആലപ്പാട്(16) പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം മാറ്റമില്ലാതെ നിലവിലെ സ്ഥിതിയിൽ തന്നെ തുടരും എന്നതാണ് പുതിയ പട്ടികയിലുള്ളത്.
ചിതറ, നെടുമ്പന, കല്ലുവാതുക്കൽ, തൃക്കോവിൽവട്ടം, മയ്യനാട്, പന്മന, തേവലക്കര, ചവറ, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, കുലശേഖരപുരം പഞ്ചായത്തുകൾ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള പഞ്ചായത്തുകളാകും. 24 വാർഡുകൾ വീതം ആയിരിക്കും ഈ പഞ്ചായത്തുകളിൽ വിഭജനം പൂർത്തിയാകുമ്പോഴുള്ള വാർഡ് എണ്ണം. ഇതിൽ തഴവ, മൈനാഗപ്പള്ളി പഞ്ചായത്തുകളിൽ രണ്ട് വീതം വാർഡുകൾ ആണ് നിലവിലുള്ളതിൽനിന്ന് കൂടുന്നത്. മറ്റുള്ളവയിൽ ഒരു വാർഡ് വീതവും.
കുമ്മിൾ-16 (നിലവിൽ 14), വെളിനെല്ലൂർ -19(17), ഇളമ്പള്ളൂർ-23(21), കൊറ്റങ്കര-23(21), തൃക്കരുവ-18(16), പനയം-18(16), പേരയം-16(14), അഞ്ചൽ-21(19), അലയമൺ-16(14), ഏരൂർ-21(19), പട്ടാഴി-15(13), ശാസ്താംകോട്ട-21(19), ഓച്ചിറ-19(17) എന്നീ പഞ്ചായത്തുകൾ ആണ് നിലവിലെ വാർഡുകളിൽ നിന്ന് രണ്ട് വാർഡുകൾ അധികമായി വരുന്ന മറ്റ് പഞ്ചായത്തുകൾ. അടുത്ത ദിവസങ്ങളിൽ കോർപറേഷൻ, മുൻസിപ്പാലിറ്റി വാർഡ് വിഭജനത്തിന്റെ വിജ്ഞാപനവും പുറത്തുവരും. ശേഷം പൊതുജനാഭിപ്രായം കൂടി തേടിയിട്ടാകും വാർഡുകളുടെ വിഭജനവും പേരിടലും ഉൾപ്പെടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വാർഡുകൾ നിലവിൽ വരുന്ന അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.