കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനായി തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ അഞ്ചു വർഷം തടവിനും 15,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. തഴുത്തല മൈലക്കാട് വടക്കേമുറിയിൽ ടിനു ഭവനിൽ ബിനുവിനെയാണ് (20) കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്.
കൊല്ലം ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാതിരുന്നാൽ അഞ്ചു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2021 ഡിസംബർ 10 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പിൻതുടർന്ന് ശല്യപ്പെടുത്തിവരുകയായിരുന്നു.
സംഭവദിവസം കുട്ടിയെ സ്കൂട്ടറിൽ കയറ്റി പുലർച്ച ഒന്നിന് വർക്കല ഭാഗത്തേക്ക് പോകുന്ന വഴി നൈറ്റ് പട്രോൾ പൊലീസ് വാഹനം കണ്ട് വേഗത്തിൽ ഓടിച്ചുപോയി. വർക്കല മേൽവെട്ടൂരിൽ വെച്ച് നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞ് പ്രതിക്കും അതിജീവിതക്കും പരിക്കേറ്റു. ചികിത്സയിലിരിക്കെ പിറ്റേദിവസം പെൺകുട്ടി മരിച്ചു. അപകടത്തിൽ പ്രതിക്കും സാരമായ പരിക്കേറ്റിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയകുറ്റത്തിന് പ്രതിക്ക് മൂന്നു വർഷം തടവും 10,000 രൂപയും കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കുറ്റത്തിന് രണ്ടു വർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത കോടതിയിൽ ഹാജരായി. കുട്ടിയെ കാണാതായതിന് ചാത്തന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അന്വേഷണത്തിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യംകൂടി നടന്നെന്ന് ബോധ്യപ്പെട്ടതിനാൽ ആ നിലയിൽ അന്വേഷണം നടത്തുകയായിരുന്നു.
ചാത്തന്നൂർ സബ് ഇൻസ്പെക്ടർ ആശ വി. രേഖയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ സലീന മഞ്ജുവാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.