അഞ്ചല്‍: കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടയാൾ 15 വർഷത്തിനു ശേഷം അറസ്റ്റിൽ. വര്‍ക്കല പെരുംകുളം ആലുവിള വീട്ടില്‍ ബൈജുവാണ് (42) അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.
2008 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. അഞ്ചല്‍ വടമൺ കോമളം മുകളുവിള രാജന്റെ വീട്ടില്‍നിന്ന് ബൈജു ഉൾപ്പെടെ നാലംഗസംഘം രണ്ടുപവന്റെ മാല കവർന്നിരുന്നു. വര്‍ക്കല പെരുംകുളം സ്വദേശികളായ അന്‍സില്‍, ജോഷി, കടമ്പാട്ടുകോണം സ്വദേശി രതീഷ് എന്നിവരെ പൊലീസ് അന്നുതന്നെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പലതവണ ബൈജുവിനെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല.
2015ൽ പുനലൂര്‍ കോടതി ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വര്‍ക്കല കുന്നത്തുമല കോളനിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ ബൈജുവിനെ അഞ്ചല്‍ പൊലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കവര്‍ച്ച, പിടിച്ചുപറി, അടിപിടിയടക്കം 30ഓളം കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.