അഞ്ചൽ: കഴിഞ്ഞദിവസം അടൂരിലുണ്ടായ കാറപകടത്തിൽ മരിച്ച ആയൂർ ഇളമാട് സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വലിയ ജനക്കൂട്ടമാണ് ഉറ്റവരുടെ മൃതദേഹങ്ങൾ അവസാനമായി കാണുന്നതിന് എത്തിച്ചേർന്നത്.
അമ്പലംമുക്ക് എസ്റ്റേറ്റ് ജങ്ഷനിൽ കൃഷ്ണകൃപയിൽ ശ്രീജ (51), ഇളമാട് രാഹുൽ ഭവനിൽ ശകുന്തള (53), ഇളമാട് കാത്തിരത്തും വീട്ടിൽ ഇന്ദിര (60) എന്നിവരാണ് മരിച്ചത്. ആയൂർ സ്വദേശി അമൽ ഷാജിയുടെ വിവാഹത്തോടനുബന്ധിച്ച് വധുവിന് വിവാഹപ്പുടവ നൽകാൻ ബുധനാഴ്ച ഹരിപ്പാട്ടേക്ക് പോയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അടൂരിൽ കെ.ഐ.പി വലതുകര കനാലിലേക്ക് വീണായിരുന്നു അപകടം. രാവിലെ 11 ഓടെയാണ് ശ്രീജയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്ദിര, ശകുന്തള എന്നിവരുടെ മൃതദേഹങ്ങൾ വൈകീട്ട് മൂന്നോടെയാണ് സ്ഥലത്തെത്തിച്ചത്. പി.പി.ഇ കിറ്റ് ധരിച്ച വളന്റിയർമാരും ആരോഗ്യപ്രവർത്തകരുമാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഇരുവെരയും ഇന്ദിരയുടെ വീട്ടുവളപ്പിൽ അടുത്തടുത്തുള്ള ചിതകളിലാണ് സംസ്കരിച്ചത്.
മന്ത്രി ജെ. ചിഞ്ചുറാണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, മുല്ലക്കര രത്നാകരൻ, പ്രയാർ ഗോപാലകൃഷ്ണൻ, ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, വൈസ് പ്രസിഡന്റ് കോമളകുമാരിയമ്മ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.