അഞ്ചൽ: കഞ്ചാവ് കച്ചവടക്കാരിയും ഇടപാടുകാരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് വിൽപനക്കാരിയുടെ തലയിൽ കൊടുവാൾകൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്തു. കരുകോൺ സ്വദേശിനി കുൽസം ബീബി(65)ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ചണ്ണപ്പേട്ട മണക്കോട് കാഞ്ഞിരംവിള വീട്ടില്‍ ബിബിന്‍ (22), സഹോദരന്‍ സുബിന്‍ (20), മണക്കോട് കുന്നുവിളയില്‍ അനു (24), മണ്ണൂര്‍ നന്ദു ഭവനില്‍ നന്ദു പ്രസാദ് (21) എന്നിവരെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ശ്രീജിത്ത് രാജ് ഒളിവിലാണ്.
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് കുല്‍സും ബീവി. കഞ്ചാവ് വാങ്ങുന്നതിനായി ഇവരുടെ വീട്ടിലെത്തിയ അഞ്ചംഗസംഘവുമായി തുക സംബന്ധിച്ച് കുൽസംബീവിയുമായി തർക്കവും വാക്കേറ്റവുമുണ്ടാകുകയും കഞ്ചാവ് നൽകില്ലെന്ന് പറയുകയും ചെയ്തു.
ഇതിൽ പ്രകോപിതരായ യുവാക്കള്‍ വീടിനുനേരെ കല്ലേറ് നടത്തുകയും വീട്ടിനുള്ളിൽ കടന്ന് ടി.വി ഉള്‍പ്പടെയുള്ള വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ വീട്ടിനകത്ത് പ്രവേശിച്ച സംഘാംഗമായ ശ്രീജിത്ത് രാജ് വെട്ടുകത്തി ഉപയോഗിച്ച് കുല്‍സും ബീവിയെ വെട്ടിപരിക്കേല്‍പിച്ചത്രേ. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
ആശുപത്രിയില്‍ എത്തി കുല്‍സുംബീവിയുടെ മൊഴി രേഖപ്പെടുത്തിയശേഷം അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. അഞ്ചൽ ഇൻസ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ് കുമാര്‍, ഗ്രേഡ് എസ്.ഐമാരായ മുരഹര, നിസാര്‍, സീനിയര്‍ സവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ചെട്ടിയാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദീപു, അഖില്‍ വിപിന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.