അഞ്ചൽ: അഞ്ചൽ ചന്തയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ചന്തക്കുള്ളിൽ ഹരിതകർമസേന ശേഖരിച്ച് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന്റെ ഒരു ഭാഗത്താണ് ആദ്യം തീപിടിച്ചത്. ഇത് നാട്ടുകാരും കച്ചവടക്കാരും ചേർന്ന് അണച്ചു. ആരുടേയോ അശ്രദ്ധമൂലമുണ്ടായ തീപിടിത്തമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ, പിന്നാലെ രാത്രി 11ഓടെ വീണ്ടും വൻതോതിൽ തീപടർന്നു.
ഒപ്പം വലിയ സ്ഫോടനവും. പരിഭ്രാന്തരായ നാട്ടുകാർ ഓടിക്കൂടി തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരമറിയിച്ചതനുസരിച്ച് പുനലൂർ, കടയ്ക്കൽ, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
ഹരിതകർമസേന ശേഖരിച്ച വൻതോതിലുള്ള മാലിന്യം പൂർണമായും കത്തിനശിച്ചു. കടമുറികളുടെ ഷട്ടറുകൾ തീയിൽ വെന്തുരുകി അകത്തുണ്ടായിരുന്ന സാധനങ്ങളും നശിച്ചു. കടകൾക്ക് മുന്നിലും മറ്റ് ഭാഗങ്ങളിലും സൂക്ഷിച്ചുെവച്ചിരുന്ന അമ്പതോളം കച്ചവടക്കാരുടെ സാധനങ്ങൾ കത്തി നശിച്ചു. ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യം ഇവിടെ കൂട്ടിയിട്ട് തരംതിരിച്ചാണ് കയറ്റിവിട്ടുകൊണ്ടിരുന്നത്.
എന്നാൽ മാസങ്ങളായി മാലിന്യനീക്കം നിലച്ചതോടെ മാലിന്യക്കെട്ടുകൾ സൂക്ഷിക്കാൻ സ്ഥലം തികയാതെ കോൺക്രീറ്റ് കടമുറികളുടെ മുകളിലും സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ മാലിന്യമുൾപ്പെടെയാണ് കത്തിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മൊഴിയുടെയടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.