അഞ്ചൽ: മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയ സംഘത്തിലെ നാലുപേരെ മൂന്ന് മാസത്തിനുശേഷം അഞ്ചൽ വനപാലക സംഘം അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ തലപ്പച്ച ചാമവിള പുത്തൻവീട്ടിൽ തോമസ് ബേബി (തലപ്പച്ച ബിജു - 41), കുളത്തൂപ്പുഴ കണ്ടൻചിറ അനിൽമന്ദിരത്തിൽ ഷിബിൻ (32), ഏഴംകുളം കടമാൻകോട് വിളയിലഴികത്ത് വീട്ടിൽ ബിംബിസാരൻ നായർ (ബേബി - 41), കുളത്തൂപ്പുഴ മൈലമൂട് മംഗലത്ത് പുത്തൻവീട്ടിൽ ഷൈജു (46) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂൺ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള എണ്ണപ്പനത്തോട്ടത്തിൽവെച്ചാണ് ഇവർ മ്ലാവിനെ കൊന്ന് ഇറച്ചിയാക്കിയത്. സംഭവം പുറത്തായതോടെ ഇവർ ഒളിവിൽ പോയി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത വനപാലകർ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷനുകളും സി.ഡി.ആർ അനാലിസിസ് ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും ശേഖരിച്ച് നടത്തിയ നിരീക്ഷണത്തിൽ പ്രതികൾ തങ്ങളുടെ വീടുകളിൽ വന്നുപോകുന്നതായ വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഷിബിനെ തട്ടത്തുമലയിലുള്ള സുഹൃത്തിന്റെ വീട്ടിൽനിന്നും മറ്റുള്ളവരെ അവരവരുടെ വീടുകളിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇറച്ചി കടത്താൻ ഇവർ ഉപയോഗിച്ച ഒരു ഓട്ടോറിക്ഷ, മൂന്ന് ഇരുചക്രവാഹനങ്ങൾ എന്നിവയും കസ്റ്റഡിയിലെടുത്തു. എണ്ണപ്പനത്തോട്ടത്തിൽ മറവ് ചെയ്ത മ്ലാവിന്റെ അവശിഷ്ടങ്ങളും ആയുധങ്ങളും മറ്റും പ്രതികളുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് വനപാലകർ കൂടുതൽ തെളിവ് ശേഖരിച്ചു.
ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്. സജു, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അനിൽ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ലിജു താജുദ്ദീൻ, വി. ബിന്ദു, വി. ഉല്ലാസ്, സി.ടി. അഭിലാഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. ബിനിൽ, കെ. അഭിലാഷ്, എസ്. അനു, എസ്. ആഷ്ന, ഫോറസ്റ്റ് വാച്ചർ എസ്. പ്രതീഷ് എന്നിവരടങ്ങിയ വനപാലക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.