അഞ്ചൽ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ സന്ധ്യയോടെ വഴിയിൽ വിജനമായ സ്ഥലത്ത് തടഞ്ഞു നിർത്തി ലൈംഗികമായി ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ ഗുണ്ടയെയും സഹായിയെയും ഏരൂർ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ഏരൂർ നടുക്കുന്നുംപുറം രതീഷ് മന്ദിരത്തിൽ രാജേഷിനെയാണ് (35-വിജി) ഏരൂർ എസ്.ഐ ശരലാലും സംഘവും ചേർന്ന് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരിയിൽനിന്നും പിടികൂടിയത്. ഏപ്രിൽ 22 രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം.
കോഴഞ്ചേരിയിൽ ഒളിച്ചു താമസിക്കുന്നുണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി വീട് വളഞ്ഞു. വിവരം മനസ്സിലാക്കിയ രാജേഷ് വീടിന്റെ മേൽക്കൂരയുടെ ഓടിളക്കിയിറങ്ങി റബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂരിരുട്ടിൽ നടത്തിയ മൽപ്പിടിത്തത്തിലൂടെയാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.
ഏരൂർ ഇൻസ്പെക്ടർ എം.ജി. വിനോദിന്റെ നിർദേശാനുസരണം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ നിസാറുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അരുൺ കുമാർ, തുഷാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൽപ്പിടിത്തത്തിൽ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാറിന്റെ കാലിന് സാരമായ പരിക്കേറ്റു.
ഭാര്യയെ ആക്രമിച്ചതിന് രാജേഷിനെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. നിരവധി അടിപിടി കേസുകളിലെ പ്രതിയായ ഇയാൾ ഗുണ്ടാ നിയമപ്രകാരം നേരത്തേ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തതിന് ഇയാളുടെ സഹായിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.