അഞ്ചൽ: കിഴക്കൻമേഖലയിൽ മഴ ശക്തമായതോടെ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി നാശനഷ്ടം. വിവിധ ഏലാകളിൽ വെള്ളം നിറഞ്ഞ് കൃഷി നശിച്ചു. ഏറം വയലിൽ തൃക്കോവിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ കയറാൻ സാധിക്കാത്തവിധം വെള്ളവും ചളിയും നിറഞ്ഞു.
ഏറം ജങ്ഷനിലെ വെള്ളക്കെട്ട് വർധിച്ച നിലയിലാണ്. ഈ സ്ഥിതി തുടരുന്നത് കെട്ടിടങ്ങൾക്ക് ഭീഷണിയാകുമെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ. കുരുവിക്കോണത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കാർ തകർന്നു.
ഏരൂർ നെട്ടയത്ത് പ്രിയമന്ദിരത്തിൽ സുപ്രഭയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീടിന് കേടുപാട് പറ്റി. അഞ്ചൽ-ആയൂർ പാതയിൽ ഇടമുളയ്ക്കൽ ഐസ് പ്ലാന്റിന് സമീപത്തെ ഏലാ നിറഞ്ഞ് റോഡ് മുങ്ങി. ആയൂർ ടൗണും പരിസരവും വെള്ളം കയറി, കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും അസാധ്യമായി.
കുളത്തൂപ്പുഴ: കഴിഞ്ഞദിവസം കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പെയ്ത കനത്ത മഴക്കൊപ്പമുണ്ടായ കാറ്റില്‍ പാതയോരത്തെ മരം കടപുഴകി വൈദ്യുതി ലൈന്‍ തകര്‍ത്ത് നിലംപതിച്ചു.
കഴിഞ്ഞദിവസം ഉച്ചക്ക് രണ്ടരയോടെ തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കൂവക്കാട് പള്ളംവെട്ടിക്ക് സമീപത്തായിരുന്നു സംഭവം. പള്ളംവെട്ടി വളവിന് സമീപം പാതയോരത്തെ മണ്‍തിട്ടക്ക് മുകളില്‍ നിന്നിരുന്ന മരമാണ് കാറ്റില്‍ മറിഞ്ഞത്. സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനും വൈദ്യുതി തൂണും തകര്‍ത്തുകൊണ്ടാണ് പാതയിലേക്ക് മരം വീണത്. വൈദ്യുതി ലൈനുകള്‍ പാതയില്‍ തലങ്ങും വിലങ്ങും പൊട്ടിവീണതോടെ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
സംഭവസമയം നിരത്തില്‍ വാഹനങ്ങളില്ലാതിരുന്നതിനാലും അകലെ നിന്നുമെത്തിയ വാഹനങ്ങള്‍ അപകടം മനസ്സിലാക്കി ദൂരെ നിര്‍ത്തിയിടുകയും ചെയ്തതിനാല്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് കുളത്തൂപ്പുഴ വൈദ്യുതി സെക്ഷന്‍ ഓഫിസ് ജീവനക്കാരെത്തി വൈദ്യുതി തൂണും കമ്പികളും പാതയില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
അന്തര്‍ സംസ്ഥാന പാതയോരത്ത് ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന നിരവധി മരങ്ങള്‍ ഇനിയുമുണ്ടെന്നും ഇവ നീക്കം ചെയ്യുന്നതിനു അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും സമീപവാസികള്‍ ആവശ്യപ്പെട്ടു.
ഓയൂർ: പൂയപ്പള്ളി സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഭാഗമായ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. പൂയപ്പള്ളി പഞ്ചായത്തോഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി എന്നിവയുടെ സമീപത്തുള്ള കെ.ഐ.പി കനാലിന്റെ വശത്തായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലം ഒരുക്കാൻ രജിസ്ട്രാർ ഓഫിസിന്റെ മതിലിന് ചുവട്ടിലെ മണ്ണ് ആഴത്തിൽ കുഴിച്ച് മണ്ണ് മാറ്റിയിരുന്നു.
കഴിഞ്ഞദിവസം ചെയ്ത ശക്തമായ മഴയിൽ മതിലും ടൈൽ പാകിയ പാതയും ഇടിഞ്ഞ് വീഴുകയായിരുന്നു. ഓഫിസുകളുടെ പ്രവർത്തന സമയം കഴിഞ്ഞാണ് മതിലിടിഞ്ഞ് വീണത് എന്നതിനാൽ ആളപായം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.