അഞ്ചൽ: ഹൈടെക് സംവിധാനത്തിൽ വൻതുക വെച്ച് ചീട്ടുകളിക്കുന്ന ഒമ്പതംഗ ചീട്ടുകളി സംഘത്തെ ഏരൂർ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 1.43 രൂപയും ഒരു ഇന്നോവ കാറും പിടിച്ചെടുത്തു. ചടയമംഗലം കുരിയോട് കോണത്ത് പുത്തൻവീട്ടിൽ ഓമനക്കുട്ടൻ (52), ചെറിയ വെളിനല്ലൂർ ദിലീപ് മൻസിലിൽ മുജീബ് (47), കൈതക്കാട് പ്ലാവിള വീട്ടിൽ നൗഷാദ് (59), മൈലമൂട് തടത്തരികത്ത് പുത്തൻവീട്ടിൽ ബഷീർ (51), ഭാരതിപുരം ചരുവിള പുത്തൻ വീട്ടിൽ മോഹനൻ (57), തഴമേൽ കുന്നത്ത് വീട്ടിൽ സലിം (48), ഇളമാട് രതീഷ് ഭവനിൽ സതീഷ് കുമാർ (52), പുന്നമൂട്ടിൽ റഫീഖ് മൻസിലിൽ മുഹമ്മദ് റഷീദ് (65), ആയൂർ ചരുവിള പുത്തൻവീട്ടിൽ സത്താർ (50) എന്നിവരാണ് അറസ്റ്റിലായത്.
ഏരൂർ തോട്ടംമുക്ക് കിട്ടൻകോണത്ത് വനപ്രദേശത്തോട് ചേർന്ന് ആൾപാർപ്പ് ഇല്ലാത്ത സ്ഥലത്ത് പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചിരുന്നത്. പുറത്തുനിന്ന് ആരെങ്കിലും വന്നാൽ മുൻകൂട്ടി മനസ്സിലാക്കുന്നതിനായി സി.സി.ടി.വി കാമറകൾ വരെ സജ്ജമാക്കിയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
രഹസ്യവിവരത്തെതുടർന്ന് ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ എസ്. ഉദയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എബി പി. ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ ജി. അനിമോൻ, ഐ.ബി അരുൺ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം സി.സി.ടി.വി കാമറകളുടെ കണ്ണുവെട്ടിച്ച് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറി. ചൂതാട്ട കേന്ദ്രമായി ഉപയോഗിച്ചുവരുന്ന ഫാം അടച്ചുപൂട്ടുന്നതിന് പ്രാദേശിക സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.