ശ്രീ​ന​ന്ദ​ൻ

ലക്ഷത്തിൽ ഒരാൾ എത്തട്ടെ; ശ്രീനന്ദൻ കാത്തിരിക്കുന്നു

അഞ്ചൽ: ഏഴുവയസ്സുകാരൻ ജീവിക്കണമെങ്കിൽ ലക്ഷത്തിൽ ഒരുവൻ വന്നെത്തണം. അങ്ങനൊരാൾ വന്നെത്തുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഒരു നാട് മുഴുവൻ. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രഞ്ജിത്ത് - ആശ ദമ്പതികളുടെ മകൻ ശ്രീനന്ദനാണ് അപൂർവങ്ങളിൽ അപുർവ അർബുദ രോഗവുമായി എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ കഴിയുന്നത്.

കുട്ടിയുടെ ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശങ്ങൾ മാറ്റിവെക്കണം. അതിന് രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്. യോജിക്കുന്ന ഒരു രക്തമൂലകോശദാതാവിനെ കണ്ടെത്തിയെങ്കിൽ മാത്രമേ ചികിത്സ നടത്താൻ പറ്റുകയുള്ളൂവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. പക്ഷേ, ഇത് ലക്ഷത്തിൽ ഒന്നു മാത്രമേ ഉണ്ടാകൂ എന്നതാണ് യാഥാർഥ്യം.

ഇത്തരത്തിലുള്ള ഒരാളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാടും നാട്ടാരും. അതിനായി അഞ്ചൽ സെന്‍റ് ജോൺസ് കോളജിനു സമീപം ആരംഭിച്ച രജിസ്ട്രേഷൻ ക്യാമ്പിൽ ആയിരത്തി അഞ്ഞൂറോളം ആളുകളെത്തി സ്രവം നൽകി രജിസ്റ്റർ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും വാർത്തയറിഞ്ഞാണ് ഒട്ടുമിക്കപേരും ക്യാമ്പിലെത്തി രജിസ്ട്രേഷൻ നടത്തിയത്. 18 നും അമ്പതിനും ഇടയിലുള്ളവരിൽ നിന്നുള്ള സ്രവമാണ് സ്വീകരിക്കപ്പെടുന്നത്.

ഇതുവരെ നടന്ന പരിശോധനയിൽ യോജിച്ച ദാതാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രക്തകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റെം സെൽഡോണറിന്‍റെ പ്രവർത്തകർ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കശുവണ്ടി ഫാക്ടറികൾ, കുടുംബശ്രീ മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവരുമായി ബന്ധപ്പെട്ട് കുടുതൽ പേരെ രജിസ്ട്രേഷൻ ക്യാമ്പിലെത്തിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചു. അധികം വൈകാതെ യോജിച്ച ദാതാവിനെ കണ്ടെത്താൻ കഴിയുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ശ്രീനന്ദന്‍റെ മാതാപിതാക്കളും നാട്ടുകാരും 'ദാത്രി' പ്രവർത്തകരും.

Tags:    
News Summary - Let one in a lakh come; Sreenandan is waiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.