അഞ്ചൽ: മാർച്ചിൽ സിവില്‍ എക്സൈസ് ഓഫിസര്‍ അടക്കം പിടിയിലായ എം.ഡി.എം.എ, കഞ്ചാവ് കേസിൽ ഒരാള്‍കൂടി പിടിയിലായി. അഞ്ചല്‍ പനയഞ്ചേരി കോടിയാട്ട് ജങ്ഷനില്‍ അമല്‍ ഭവനില്‍ ശബരി (21)യാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞയാഴ്ച പിടിയിലായ മലമ്പുഴ സ്വദേശി നിക്ക് ആകാശിന് മയക്കുമരുന്ന് വാങ്ങുന്നതിനാവശ്യമായ സാമ്പത്തികം ഉള്‍പ്പെടെ സഹായം ചെയ്തു നല്‍കിയത് ഇപ്പോള്‍ പിടിയിലായ ശബരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അഞ്ചലിലെ കുഴിമന്തി സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തുവന്ന ഇയാള്‍ക്ക് പിടിയിലായ നിക്ക് ആകാശുമായ് അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. ഇരുവരും ഒരുമിച്ചിരുന്നു മയക്കുമരുന്ന് ഉപയോഗിക്കുകയും പിന്നീട് വിൽപനയിലേക്ക് മാറുകയുമായിരുന്നു.
നിക്ക് ആകാശിന് ആദ്യം പിടിയിലായ ഏരൂര്‍ സ്വദേശി അല്‍ സാബിത്തിനെ പരിചയപ്പെടുത്തുന്നതും എം.ഡി.എം.എ എത്തിക്കുന്നതിനായി 10,000 രൂപ മുന്‍കൂറായി നല്കിയതും എം.ഡി.എം.എ എത്തിച്ച് പ്രതികള്‍ക്ക് കൈമാറിയ ശേഷം പാലക്കാട്ടേക്ക് പോകാനായി നിക്ക് ആകാശിനെ പുനലൂർ എത്തിച്ചതും ശബരിയയിരുന്നു.
അഞ്ചല്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ് കുമാര്‍, സന്തോഷ് ചെട്ടിയാര്‍ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞദിവസം രാത്രിയിൽ അഞ്ചലില്നിന്നുമാണ് ശബരിയെ പിടികൂടുന്നത്.
കൂടുതല്‍ അന്വേഷണത്തിനായി കേസിലെ പ്രധാന പ്രതിയായ നിക്ക് ആകാശിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന് അഞ്ചല്‍ പൊലീസ് പറഞ്ഞു.
കിളിമാനൂര്‍ എക്സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ എക്സൈസ് ഓഫിസര്‍ കോട്ടുക്കല്‍ ഉതിയന്‍കോട്ട് വീട്ടില്‍ അഖില്‍ (28), അഞ്ചല്‍ തഴമേല്‍ ഹനീഫ മന്‍സിലില്‍ ഫൈസല്‍ ബെന്ന്യാന്‍ (26), ഏരൂര്‍ കരിമ്പിന്‍കോണം വിളയില്‍ വീട്ടില്‍ അല്‍ സാബിത്ത് (26), പാലക്കാട് മലമ്പുഴ കടുക്കംകുന്നം തനിക്കല്‍ ഹൗസില്‍ നിക്ക് ആകാശ് (24) എന്നിവരാണ് നേരത്തേ പിടിയിലായവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.