അഞ്ചൽ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയെ വരവേൽക്കുവാൻ തടിച്ചുകൂടിയത് ആയിരങ്ങൾ. രാവിലെ 10.30 ന് എത്തുമെന്നുള്ള അറിയിപ്പ് പ്രകാരം ഒമ്പതോടെ തന്നെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാതയോരത്തേക്ക് എത്തി.
വിലാപയാത്ര ആയുരിലെത്തിയപ്പോൾ സമയം നാലരയായി. ആയുർ കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലാണ് പൊതുദർശന സൗകര്യമൊരുക്കിയിരുന്നത്. ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ റോഡിന്റെ ഇരുവശവും ജനങ്ങൾ അണിനിരന്ന് പുഷ്പവൃഷ്ടി നടത്തി.
വിലാപയാത്ര ആയൂരിലെത്തിയ സമയം മുതൽ ടൗണിൽ നിന്ന കടന്നു പോകും വരെ അപ്രതീക്ഷിതമായി പെയ്ത മഴ നനഞ്ഞു കൊണ്ടാണ് ജനങ്ങൾ പ്രിയ നേതാവിന് അന്തിമോപചാരമർപ്പിച്ചത്. ഇരവിപുരം, പുനലൂർ നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് ഇവിടെ എത്തിച്ചേരുന്നതിന് നിർദേശിക്കപ്പെട്ടിരുന്നത്. വിവിധ ഇടവകകളിലെ വികാരിമാരും കന്യാസ്ത്രീകളും വിവിധ സംഘടനകളുടെ ഭാരവാഹികളും അന്തിമോപചാരമർപ്പിക്കാനെത്തി.
പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചടയമംഗലം, അഞ്ചൽ കടയ്ക്കൽ എന്നിവിടങ്ങളിലെ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം സൈമൺ അലക്സ്, ഡി.സി.സി അംഗങ്ങളായ അഞ്ചൽ സോമൻ, അമ്മിണി രാജൻ, അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, എ. സക്കീർ ഹുസൈൻ, മണ്ഡലം പ്രസിഡന്റുമാരായ റംലി എസ്. റാവുത്തർ, ബി. സേതുനാഥ്, ശ്രീകുമാർ, പ്രവർത്തകരായ കടയിൽ ബാബു, പ്രസാദ് കോടിയാട്ട്, രാജീവ് കോശി, ലിജു അലുവിള, എം. ബുഹാരി, മഹിള കോൺഗ്രസ് നേതാക്കളായ ഫേബ സുദർശൻ, കൃഷ്ണവേണി ശർമ്മ ,അന്ന എബ്രഹാം, എസ്. ഷീജ. ജാസ്മിൻ മഞ്ചൂർ എന്നിവർ നേതൃത്വം നൽകി. സി.പി.എം ജില്ല കമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ഷൗക്കത്ത്, അംഗം എ.എം. റാഫി എന്നിവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.