അഞ്ചൽ: ആയൂർ ടൗണിലേയും പരിസരത്തേയും റോഡുകളിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി കെ.എസ്.ടി.പി ചെലവഴിക്കുന്നത് കോടികൾ. എന്നാൽ ചെറിയ മഴ പെയ്താൽ പോലും ആയൂർ ടൗൺ വെള്ളത്തിൽ മുങ്ങുകയാണ്. കാൽനട യാത്രക്കാർ, ചെറുവാഹന യാത്രികർ, വഴിയോര കച്ചവടക്കാർ, കടകളിലെ സ്ഥിരം കച്ചവടക്കാർ മുതലായവരാണ് വെള്ളക്കെട്ടിന്‍റെ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയെത്തുടർന്ന് ആയൂർ ടൗണിലും ആയുർവ്വേദാശുപത്രിക്ക് സമീപം എം.സി റോഡിലും ചെളിവെള്ളക്കെട്ടായിരുന്നു. ഏറെ സാഹസപ്പെട്ടാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോയത്.
റോഡിനിരുവശവും ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും അടഞ്ഞുകിടക്കുന്നതിനാൽ മാലിന്യം നിറഞ്ഞ വെള്ളം റോഡിലൂടെയൊഴുകി താഴ്ന്ന സ്ഥലങ്ങളിൽ കെട്ടിക്കിടക്കുകയാണ്. അടുത്തിടെ ടൗണിലെ ഓടകൾ പുനർനിർമ്മിച്ചുവെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല. എം.സി റോഡിൽ ആയൂർ കാഷ്യു ഫാക്ടറി മുതലും ഓയൂർ റോഡിൽ നീറായിക്കോട് മുതലും അഞ്ചൽ റോഡിൽ ജെ.എച്ച്.എസ് ജംഗ്ഷൻ മുതലുമുള്ള മഴവെള്ളമാണ് ഒഴുകി ടൗണിൽ കേന്ദ്രീകരിക്കുന്നത്. ഈ വെള്ളത്തെ ഓടകളിലൂടെ ഒഴുക്കിവിടാൻ കഴിയാത്തതാണ് പ്രശ്നം. ആയുർവേദാശുപത്രിക്ക് സമീപം റോഡിലേക്ക് ഇരുഭാഗങ്ങളിൽ നിന്നുമെത്തുന്ന വെള്ളം ഒഴുക്കിവിടാൻ കഴിയാത്തതാണ് ഇവിടേയും പ്രശ്നം. എല്ലാ വർഷവും ഇവിടെ ഓട നവീകരണം നടക്കുന്നുണ്ട്. ഇവിടെയുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.