അഞ്ചൽ: ഏരൂർ ഭാരതീപുരത്ത് മാതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയ ഷാജി പീറ്ററുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സജിൻ പീറ്ററുടെ ഭാര്യ ആര്യ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. കൃത്യം നടക്കുമ്പോൾ ഏക ദൃക്സാക്ഷിയാണെന്നും തെളിവ് നശിപ്പിക്കലിന് ഒത്താശ ചെയ്തെന്നും വിവരം രഹസ്യമാക്കിെവച്ചിരുന്നുവെന്നുമുള്ള കുറ്റങ്ങളാണ് ആര്യക്കുമേൽ ആരോപിക്കപ്പെടുന്നത്.
ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ സജിൻ പീറ്ററുമായുള്ള സംഘട്ടനത്തിലാണ് ഷാജി പീറ്റർ കൊല്ലപ്പെടുന്നത്. കമ്പിവടി കൊണ്ടുള്ള തലക്കേറ്റ രണ്ട് ക്ഷതങ്ങളാണ് മരണത്തിന് കാരണമായത്. റിമാൻഡിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ അടിക്കാനുപയോഗിച്ച കമ്പിവടി വീട്ടുവരാന്തയിൽനിന്ന് പൊലീസ് കണ്ടെടുത്തു.
രണ്ടാം പ്രതിയായ മാതാവ് പൊന്നമ്മക്ക് കോവിഡ് പോസിറ്റിവായതിനാൽ കസ്റ്റഡിയിൽ വാങ്ങിയില്ല. ആര്യയോട് ഷാജി പീറ്റർ അപമര്യാദയായി പെരുമാറിയെന്നതിനെച്ചൊല്ലിയായിരുന്നു സംഘട്ടനമുണ്ടായത്.
കൊലപാതകം നടന്ന ദിവസം ഷാജി പീറ്ററുടെ വീട്ടിൽ സുഹൃത്തുക്കളായ ഏതാനും പേർകൂടി ഉണ്ടായിരുന്നതായും ബഹളത്തിനിടെ ഇവർ ഓടിപ്പോയെന്നും ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ കേസിലെ മൂന്നാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.