അഞ്ചൽ: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അപകടാവസ്ഥയിലായ സ്കൂൾകെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായിട്ടും പൊളിച്ചുമാറ്റാൻ നടപടിയില്ല.
തടിക്കാട് ഗവ. എൽ.പി സ്കൂളിലെ പഴയ കെട്ടിടമാണ് കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ടിരിക്കുന്നത്. ഏതാനും വർഷമായി ഈ കെട്ടിടത്തിന് വിദ്യാഭ്യാസ വകുപ്പധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. മേൽക്കൂരയിൽ നിന്നും ഓടുകൾ ഇളകിമാറിയിട്ടുള്ളതിനാൽ ചോർന്നൊലിച്ചും തടികൾ ദ്രവിച്ചും ഭിത്തികൾ വിണ്ടുകീറിയ നിലയിലുമാണ്. ഇപ്പോൾ മറ്റ് കെട്ടിടങ്ങളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് ഇവിടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിരുന്നതാണ്.
ഇതിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് വിവിധ പാർട്ടികളും യുവജന സംഘടനകളും അധ്യാപക സംഘടനകളും വെവ്വേറെ ആവേശപൂർവ്വം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് അവകാശവാദമറിയിച്ചിരുന്നു. പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. ഫ്ലക്സ് ബോർഡുകൾ വച്ചവർ തന്നെ എടുത്തു മാറ്റുകയുണ്ടായി.
വരുന്ന കാലവർഷവും ഈ കെട്ടിടത്തിന് അതിജീവിക്കാൻ പറ്റുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. അതിനാൽ എത്രയും പെട്ടെന്ന് പൊളിച്ചു മാറ്റി തൽസ്ഥാനത്ത് പുതിയ കെട്ടിടം നിർമക്കുന്നതിനുള്ള നടപടി ഉടനുണ്ടാകണമെന്ന് രക്ഷാകർത്താക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.