അഞ്ചൽ: ഭർത്താവിന്‍റെ ചികിത്സക്കായി വീടും വസ്തുവും ഈടുവെച്ച് വാങ്ങിയ തുകയുടെ ഇരട്ടിയിലധികം പലിശ നൽകിയിട്ടും ബാക്കി തിരിച്ചടക്കാൻ കഴിയാത്തതിനാൽ ബ്ലേഡ് കമ്പനിക്കാരെ ഭയന്ന് വീട്ടമ്മ. ഏരൂർ പാണയം മാവേലിക്കുന്നിൽ ഉഷക്ക് (50) ഇതുമൂലം ഒരു വർഷത്തോളമായി വീട്ടിന് പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. പുറത്തിറങ്ങിയാൽ മർദിക്കുമെന്ന ഭീഷണിയും അസഭ്യവർഷവും പലിശക്കാരിൽനിന്ന് ഏൽക്കേണ്ടി വരുന്നതായി ഇവർ പറയുന്നു.
2017ൽ ഭർത്താവിന്‍റെ ചികിത്സക്ക് ഏരൂർ സ്വദേശിയിൽനിന്ന് പല തവണകളായി രണ്ടേമുക്കാൽ ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. 21 സെന്‍റ് വസ്തുവും അതിലെ വീടും പണയപ്പെടുത്തിയാണ് തുക വാങ്ങിയത്. പലിശയിനത്തിൽ നാലര ലക്ഷത്തോളം രൂപ തിരിച്ചടച്ചു. എന്നാൽ, ഭർത്താവിന്‍റെ മരണശേഷം കഴിഞ്ഞ ഒരു വർഷത്തോളമായി പലിശയടക്കാൻ കഴിയാതെയായി. തുടർന്നാണ് ഭീഷണിയുണ്ടായത്.
വിവരങ്ങൾ സംസാരിക്കാൻ കമ്പനിക്കാർ ഓഫിസിലേക്ക് വിളിച്ചു വരുത്തിയശേഷം മണിക്കൂറുകളോളം ബന്ദിയാക്കിയിരുന്നതായും വീട്ടിന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ തൊഴിലുറപ്പ് തൊഴിലാളിയായ തനിക്ക് ജോലിക്ക് പോകാൻ പറ്റാതായെന്നും ഉഷ പറഞ്ഞു. ഭീഷണി തുടർന്നതോടെ കൊല്ലം റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഒരുമാസം പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെതുടർന്ന് മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കി.
മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡി.ജി.പി ഏരൂര്‍ പൊലീസിന് കൈമാറിയതോടെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍ മുതല്‍ തിരിച്ചടക്കാന്‍ തയാറാണെങ്കിലും അൽപം സാവകാശം വേണമെന്ന് ഉഷ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഏരൂര്‍ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.