കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു

അഞ്ചൽ:കുടുംബ പ്രശ്നങ്ങളെ തുടർന്ന് പിണങ്ങിപ്പോയ ഭർത്താവ് ഭാര്യയും കുഞ്ഞും താമസിച്ചു വന്ന വീട് പെട്രോൾ ഒഴിച്ച് കത്തിച്ചു. ഏരൂർ മുഴതാങ്ങു സ്വദേശിനി ആതിരയുടെ വീടാണ് ഭർത്താവ് വിഷ്ണു കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെ കത്തിച്ചത്. ഏറെ നാളായി വിഷ്ണു മദ്യപിച്ചെത്തി ഭാര്യ ആതിരയെ മർദിക്കുന്നത് പതിവായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കാതെ വന്നതോടെ ആതിര ഏരൂർ പൊലീസിൽ പരാതി നൽകി. പൊലീസെത്തി വിഷ്ണുവിനെ ഭാര്യയുടെ വീട്ടിൽ നിന്നും പറഞ്ഞു വിടുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും മദ്യപിച്ചെത്തിയ വിഷ്ണു ആതിര താമസിച്ചുവന്നിരുന്ന വീടിനടുത്തെത്തുകയും ആതിരയുടെ മുത്തശ്ശിയോട് വീട് കത്തിക്കുമെന്ന് ഭീഷണിപെടുത്തിയ ശേഷം പോവുകയും ചെയ്തു. പിന്നീട് രാത്രി ഒരു മണിയോടെ തിരിച്ചെത്തിയ വിഷ്ണു ആസ്ബറ്റോസ് മേഞ്ഞ ആതിരയുടെ വീട്ടിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീടും വീട്ടുസാധനങ്ങളും പൂർണമായും കത്തിനശിച്ചു. വീടിനോട് ചേർന്നുള്ള ഏതാനും എണ്ണപ്പനകൾക്കും തീപ്പിടിച്ചു. പുനലൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഈ സമയം ആതിരയും ഒൻപത് വയസുള്ള മകളും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. അതിനാൽ ആളപായമുണ്ടായില്ല. ഫോറെൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവ ശേഷം വിഷ്ണു ഒളിവിലാണ്. ഏരൂർ പൊലീസ് കേസെടുത്തു.

ചിത്രം: ഭർത്താവ് തീയിട്ടതിനെത്തുടർന്ന് കത്തിനശിച്ച വീട്ടുപകരണങ്ങൾ (KE ACL - 2)

Tags:    
News Summary - The husband set fire to the house due to a family quarrel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.