അഞ്ചൽ: എക്സൈസ് ഉദ്യോഗസ്ഥനടക്കം നേരത്തേ മൂന്നുപേർ പിടിയിലായ മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ കടുക്കാക്കുന്നം താനിക്കൽ വീട്ടിൽ നിക് ആകാശ് ആണ് (24) പിടിയിലായത്.
അഞ്ചലിലെ ഹോട്ടലിൽ കുഴിമന്തി പാചകക്കാരനായ നിക് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നുമാണ് 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയും എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തതും. കൊല്ലം ഡാൻസാഫ് ടീമിന്റെ സഹായത്തോടെയാണ് അഞ്ചൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എം.ഡി.എം.എ ബംഗളൂരുവിൽനിന്നെത്തിച്ച് വിതരണം നടത്തിയിരുന്നയാളാണ് അറസ്റ്റിലായ നിക് ആകാശ്. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞുവരുന്ന എക്സൈസ് ഉദ്യോഗസ്ഥനുൾപ്പെടെയുള്ളവരെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതിൽനിന്നുമാണ് നിക് ആകാശാണ് പ്രതികൾക്ക് എം.ഡി.എം.എയും കഞ്ചാവും എത്തിച്ചു നൽകിയതെന്ന് പ്രതികൾ പൊലീസിന് മൊഴിനൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന നിക് ആകാശിനെ തിരുവനന്തപുരം കുമാരപുരത്തെ ഹോട്ടലിൽനിന്ന് അഞ്ചൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
നിക് ആകാശ് അഞ്ചലിലെ കുഴിമന്തി കടയിൽ ഷെഫ് ആയി ജോലി ചെയ്യുന്നതിനിടയിലാണ് റിമാൻഡിൽ കഴിയുന്ന പ്രതികളുമായി സൗഹൃദത്തിലായത്. ഇതിനുശേഷം ഒറ്റപ്പാലത്തും തിരുവനന്തപുരത്തും ജോലിചെയ്തുവരുകയായിരുന്നു. മയക്കുമരുന്ന് വിറ്റുകിട്ടുന്ന പണംകൊണ്ട് ആർഭാടജീവിതം നയിക്കുന്നയാളാണ് ഇയാൾ.
പ്രതിയെ മയക്കുമരുന്ന് വിൽപന നടത്തിയ ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചൽ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐ പ്രതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ദീപു, പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.
മാർച്ച് എട്ടിനാണ് കിളിമാനൂർ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, അഞ്ചൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി സാഫിത് എന്നിവരെ അഞ്ചലിലെ ലോഡ്ജിൽനിന്ന് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.