അഞ്ചൽ: ഏരൂർ പുഞ്ചിരിമുക്ക് ജയഭവനിൽ വിശ്വനാഥൻപിള്ളയുടെ വീട്ട് വരാന്തയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നയാളെ ഏരൂർ പൊലീസ് സിനിമ സ്റ്റൈലിൽ പിടികൂടി. തിരുവനന്തപുരം അമ്പൂരി പന്തപ്ലാവ് മൂട്ടില് തോടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ് (19) ആണ് പിടിയിലായത്.
പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിലെ എ.ഐ കാമറ പകർത്തിയ ദൃശ്യങ്ങളടങ്ങിയ പെറ്റിയടിച്ച മെസേജുകൾ ഉടമ വിശ്വനാഥൻ പിള്ളയുടെ മൊബൈൽ ഫോണിൽ എത്തിയിരുന്നു. ഈ വിവരം ഏരൂർ പൊലീസിന് നൽകിയിരുന്നു. അന്വേഷണം തിരുവനന്തപുരം ജില്ലയിലേക്കും വ്യാപിപ്പിച്ചു.
പ്രതി പന്തപ്ലാവ്മൂട്ടില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ച ഏരൂര്‍ പൊലീസ് അവിടെയെത്തി കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ചാണകക്കുഴിയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന പൊലീസ് പിടികൂടുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ കവര്‍ച്ച ഉള്‍പ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അഭിനവ്.
കൂടുതല്‍ ആളുകള്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്, എസ്.ഐ അനു, സിവിൽ പൊലീസ് ഓഫിസർമാരായ നജീബ്, സന്തോഷ്കുമാര്‍, ജിജോ അലക്സ്, അസര്‍, അനീഷ് മോന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.