അഞ്ചൽ: വട്ടമൺ പാലം പണിയുടെ പേരിൽ റോഡ് അടച്ചതിനാൽ അഞ്ചൽ ചന്തമുക്കിൽനിന്ന് ബൈപാസിലേക്കും തിരികെയും കടന്നു പോകുന്ന വാഹനങ്ങളുടെ തിരക്ക് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും അധികൃതർ നടപടിയെടുക്കാത്ത സാഹചര്യമാണ്.
പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് വരെ റോഡിന്റെ ഇരുവശങ്ങളിലും ഓട്ടോ,ജീപ്പ് സ്റ്റാൻഡുകളണ്. ഇതുമൂലം വലിയ വാഹനങ്ങൾ കടന്നുപോവുമ്പോൾ ഇവിടെ ഗതാഗത തടസ്സവും വാഹനാപകടങ്ങളും സ്ഥിരമാണ്. താരതമ്യേന വീതികുറവായ പാതയിലൂടെ ഇരുദിശകളിൽ നിന്നും ഒരേസമയം വലിയ വാഹനങ്ങൾക്ക് സുഗമായി പോകാനാവുന്നില്ല.
പലപ്പോഴും പാർക്ക് ചെയ്തിതിരിക്കുന്ന വാഹനങ്ങളിൽ തട്ടിയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ബുധൻ, ശനി എന്നീ ചന്ത ദിവസങ്ങളിൽ ഇവിടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പാലം പണി തീർന്ന് ഗതാഗതം പുനസ്ഥാപിക്കുന്നതുവരെ ചന്തമുക്കിലെ ഓട്ടോസ്റ്റാൻഡ് പഴയ പൊലീസ് സ്റ്റേഷൻ വളപ്പിലും ജീപ്പ് സ്റ്റാൻഡ് എ.ഇ.ഒ ഓഫീസിന് സമീപത്തുള്ള അൽ-അമാൻ ഓഡിറ്റോറിയം റോഡിലുമായി താൽക്കാലികമായി മാറ്റി ക്രമീകരിക്കുന്നതിനുള്ള നടപടി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പൊലീസും പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തിൽ ഇടപെടണമെന്ന് വ്യാപാരികളടക്കം ആവശ്യപ്പെടുന്നെങ്കിലും ഇത് അവഗണിക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.