അഞ്ചൽ: സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഉടമയായ വയോധികയുടെ മാല പൊട്ടിച്ച് കടന്ന രണ്ടുപേരെ ഏരൂർ പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടി. ഏരൂർ നടുക്കുന്നുംപുറം ചരുവിള വീട്ടിൽ വിഷ്ണു (30), അശ്വതി ഭവനിൽ അഖിൽ കൃഷ്ണ (28) എന്നിവരാണ് അറസ്റ്റിലായത്.
നെട്ടയം ഷാജി മന്ദിരത്തിൽ അമ്മുക്കുട്ടി (80)യുടെ മാലയാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. വീടിന് സമീപം കച്ചവടം നടത്തുന്ന അമ്മുക്കുട്ടിയുടെ സമീപമെത്തിയ മോഷ്ടാക്കൾ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന അടുത്തെത്തി ഹിന്ദിയിൽ സംസാരിക്കുകയും തുടർന്ന് മാല പൊട്ടിച്ചെടുത്ത് ഓടുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.
അമ്മുക്കുട്ടിയമ്മയുടെ പരാതിയിൽ കേസെടുത്ത ഏരൂർ പൊലീസ് സ്ഥലത്തെ സി.സിടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വിഷ്ണു തമിഴ്നാട്ടിലെ അംബാസമുദ്രത്തിലെ കോളനിയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് തമിഴ്നാനാട് പൊലീസിന്റെ സഹായത്തോടെ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.
അഖിൽ കൃഷ്ണയെ ഏരൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. മോഷണമുതൽ അംബാമുദ്രത്തിലെ ഒരു സ്വർണക്കടയിൽ വിറ്റതായും പറഞ്ഞു.
പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഏരൂർ എസ്.എച്ച്.ഒ എൻ.ജി. വിനോദ്, എസ്.ഐ ശരലാൽ, എ.എസ്.ഐ മധു, സി.പി.ഒമാരായ അരുൺ, അനിൽകുമാർ, അജീഷ്, അൻസിലാൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.