അഞ്ചൽ: കല്യാണത്തലേന്ന് മണവാട്ടിക്ക് കൊടുക്കാനുള്ള കല്യാണപ്പുടവ നൽകാൻ വേണ്ടിയുള്ള യാത്രയിൽ ജീവൻ വെടിഞ്ഞവരുടെ വിയോഗത്തിൽ നടുക്കം മാറാതെ ഇളമാട് ഗ്രാമം. വിവാഹത്തലേന്ന് വധൂഗൃഹത്തിൽ പുടവ നൽകാൻ പോയ വരന്റെ ബന്ധുക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന ആയൂർ ഇളമാട് അമ്പലമുക്ക് എസ്റ്റേറ്റ് ജങ്ഷനിൽ കൃഷ്ണകൃപയിൽ ശ്രീജ (51), സമീപവാസി കാഞ്ഞിരത്തുംമൂട്ടിൽ ഇന്ദിര (65), ഇളമാട് ആക്കാംപൊയ്ക ശകുന്തള വിലാസത്തിൽ ശകുന്തള (52) എന്നിവരാണ് മരിച്ചത്.
ഇളമാട് സ്വദേശികളും വരൻ അമൽ ഷാജിയുടെ അടുത്ത ബന്ധുക്കളുമാണ് മരിച്ചവർ. ബുധനാഴ്ച രാവിലെ 11ഓടെയാണ് ഇവർ ഇളമാട് നിന്നും ഹരിപ്പാട്ടേക്ക് യാത്രയായത്. അപകട വാർത്തയറിഞ്ഞ് നാട്ടുകാർ ഇവരുടെ വീടുകളിലേക്കെ ത്തിക്കൊണ്ടിരുന്നു. വീട്ടിലുള്ള ബന്ധുക്കളെ ആദ്യം വിവരമറിയിച്ചിരുന്നില്ല.
ഇന്ദിര തൊഴിലുറപ്പ് തൊഴിലാളിയും ശ്രീജ തയ്യൽത്തൊഴിലാളിയും ശകുന്തള കശുവണ്ടിത്തൊഴിലാളിയുമാണ്. അപകടത്തിൽപെട്ട സ്വിഫ്റ്റ് കാർ ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലായാണ് ബന്ധുക്കളും സുഹൃത്തുക്കളും യാത്രതിരിച്ചത്. മരിച്ച മൂവരും വരന്റെ വീട്ടുകാരുമായി അടുത്ത ബന്ധത്തിലുള്ളവരാണ്. ശ്രീജയാണ് വധുവിനണിയാനുള്ള കല്യാണപ്പുടവ തയ്ച്ച് നൽകിയിരുന്നത്.
ശകുന്തളയും ഇന്ദിരയും 'മീഡിയവൺ' തിരുവനന്തപുരം ബ്യൂറോ കാമറമാൻ ബിജു മടവൂരിന്റെ പിതൃസഹോദരിമാരാണ്. ബുധനാഴ്ച ഉച്ചക്ക് 1.15 നായിരുന്നു അപകടം. ആയൂർ സ്വദേശി അമൽ ഷാജിയുടെ വിവാഹ സംബന്ധമായി അഞ്ച് കാറിലായാണ് ആയൂരിൽനിന്ന് ഹരിപ്പാട്ടുള്ള വധൂഗൃഹത്തിലേക്ക് വരന്റെ ബന്ധുക്കൾ യാത്ര തിരിച്ചത്.
കുത്തൊഴുക്കുള്ള കനാലിലേക്ക് മറിഞ്ഞ കാർ ഒഴുകി മെയിൻ റോഡിലെ ഇടുങ്ങിയ പാലത്തിനടിയിലേക്ക് കയറി ഞെരുങ്ങിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ച ഇന്ദിര ആയൂർ കാഞ്ഞിരത്തുംമൂട് പരേതനായ രാധാകൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: ബിന്ദു. മരുമകൻ: ബൈജു. കശുവണ്ടിത്തൊഴിലാളിയായ ശകുന്തള ആക്കാംപൊയ്ക ഇളമാട് രാജന്റെ ഭാര്യയാണ്. മക്കൾ: രാഹുൽ, രാഖി. മരുമകൻ: രതീഷ്. തയ്യൽതൊഴിലാളിയായ ശ്രീജ അമ്പലംമുക്ക്, ഇളമാട് കൃഷ്ണകൃപയിൽ പ്രകാശിന്റെ ഭാര്യയാണ്. മക്കൾ: അഞ്ജന, അഞ്ജലി. മരുമക്കൾ: അജയ്, മുകേഷ്. വിവാഹം ലളിതമായി ഇന്ന് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അഞ്ചൽ: വർഷങ്ങളായി ശകുന്തളയും ഭർത്താവ് രാജനും വാടകവീട്ടിലാണ് താമസം. ശകുന്തളയുടെ കുടുംബത്തിന് ചടയമംഗലം ബ്ലോക്കിൽ നിന്ന് അനുവദിച്ച വീടിന്റെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
ഇളമാട് എൽ.പി.സ്കൂളിന് സമീപം ആക്കാംപൊയ്കയിൽ മൂന്ന് വർഷം മുമ്പ് വാങ്ങിയ നാല് സെന്റ് വസ്തുവിൽ വീടിന്റെ ഫൗണ്ടേഷന്റെ ബേസ്മെൻറ് പണി നടന്നുവരുകയാണ്. കഴിഞ്ഞദിവസവും ശകുന്തളയും രാജനും ചേർന്നാണ് ബേസ്മെന്റിൽ മണ്ണിട്ട് നിറക്കുന്ന ജോലി ചെയ്തിരുന്നത്. ആദ്യഘട്ട തുകയും ബ്ലോക്കിൽ നിന്നും വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.