അഞ്ചൽ: നോട്ടിരട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ നെല്ലിമൂട് ഫാത്തിമ മൻസിലിൽ ഷീബ (42), നാവായിക്കുളം പുതുശ്ശേരിമുക്ക് മുക്തിയറ അനീഷ് ഭവനിൽ അനീഷ് (35) എന്നിവരാണ് പിടിയിലായത്. കൊടുക്കുന്ന തുകയുടെ മൂന്നിരട്ടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കാസർകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിൽപെട്ട ഏജൻറുമാരാണ് ഇവരെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ, തിരുവനന്തപുരം, കാസർകോട് ഭാഗങ്ങളിലെ പലരും ഇവരുടെ തട്ടിപ്പിനിരയായി. ഫാം നടത്തുന്നവരെയും ചെറുകിട വ്യവസായികളെയുമാണ് സംഘം അധികവും വലയിൽ കുടുക്കുന്നത്. നൽകുന്ന തുകയുടെ മൂന്നിരട്ടിയോളം ഒരുമാസത്തിനുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ഷീബയുടെ അക്കൗണ്ട് വഴി വാങ്ങുന്ന തുക, പിന്നീട് അനീഷിന് കൈമാറുകയായിരുന്നു. തുടർന്ന് അനീഷ് കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിന് പണം നൽകുകയായിരുന്നുവത്രെ. അറസ്റ്റിലായവരെ ചോദ്യംചെയ്തതിൽ നിന്നും സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിെൻറ ഏജൻറുമാരായി നിരവധിപേർ പ്രവർത്തിക്കുന്നതായി വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.