കൊല്ലം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങൾ പൂജക്ക് സമർപ്പിച്ച് അക്ഷരപൂജക്ക് തുടക്കമായി. ദുർഗാഷ്ടമി ദിനമായിരുന്ന ഞായറാഴ്ച വൈകീട്ട് ക്ഷേത്രങ്ങളിലും വീടുകളിലും വിദ്യാർഥികൾ പുസ്തകങ്ങൾ പൂജക്ക് സമർപ്പിച്ചു. മഹാനവമി ദിനമായ തിങ്കളാഴ്ചയും പൂജക്ക് വെച്ചിരിക്കുന്ന പുസ്തകങ്ങൾ ചൊവ്വാഴ്ച വിജയദശമി ദിനത്തിലാണ് എടുക്കുന്നത്.
പണിയായുധങ്ങൾ പൂജക്ക് വെക്കുന്ന ചടങ്ങ് തിങ്കളാഴ്ച നടക്കും. വിവിധ ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവത്തിന് ചൊവ്വാഴ്ച സമാപനമാകും. വിജയദശമിയുടെ ശുഭദിനത്തിൽ വിദ്യാരംഭം കുറിക്കാനുള്ള ഒരുക്കവും അവസാനഘട്ടത്തിലാണ്. ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നതിനൊപ്പം സംഗീത-നൃത്ത-സംഗീതോപകരണങ്ങളിൽ ആദ്യഅറിവ് നേടുന്നതിനും നിരവധിപേർ ഗുരുക്കന്മാരുടെ അരികിലെത്തും.
വിവിധ സാംസ്കാരിക സംഘടനകൾ, ലൈബ്രറികൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാരംഭം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാവിലെ എട്ടിന് കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല, സാങ്കേതിക സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ എസ്. അയൂബ് എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. പങ്കെടുക്കുന്നതിന് 9747 402111, 9895345389, 9447719520 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.