കൊല്ലം: മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനലിന്റെ ഭാഗമായി നടക്കുന്ന ഒമ്പതാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനായി കൊല്ലം ഒരുങ്ങുന്നു. അഷ്ടമുടിക്കായലിന്റെ ഓളങ്ങളിൽ ശനിയാഴ്ച വള്ളംകളിയുടെ ആരവമുയരുമ്പോൾ അതേ ആവേശം കരയിലും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിലാണ് സംഘാടകർ. വിവിധ സാംസ്കാരിക, കായിക മത്സരങ്ങളും പരിപാടികളും ഇതിന്റെ ഭാഗമായി നഗരത്തിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ചു. വെള്ളിയാഴ്ചയും വിവിധ പരിപാടികൾ നടക്കും.
കായലിൽ ട്രാക്ക് ഒരുക്കൽ ഉൾപ്പെടെ അവസാന ഘട്ടത്തിലാണ്. ഇത്തവണ ജലോത്സവത്തിന്റെ ഭാഗമായി ആകാശവിസ്മയമാകാൻ വായുസേനയുടെ ഹെലികോപ്ടറുകൾ പങ്കെടുക്കുന്ന എയർഷോയും ഒരുക്കിയിട്ടുണ്ട്.
1000 മീറ്റർ നീളത്തിലുള്ള ട്രാക്ക് ആണ് മത്സരത്തിനായി ഒരുക്കുന്നത്. ഒമ്പത് ചുണ്ടൻ വള്ളങ്ങൾ സി.ബി.എൽ ട്രോഫിക്കായി അഷ്ടമുടിയിൽ ഇഞ്ചോടിഞ്ച് പോരാടും. ഇത്തവണത്തെ സി.ബി.എൽ 12ാം പാദ മത്സരമാണ് കൊല്ലത്ത് അരങ്ങേറുന്നത്. പ്രസിഡന്റ്സ് ട്രോഫി പോരാട്ടത്തിന്റെ ഭാഗമായി വനിതകൾ തുഴയുന്ന മൂന്ന് വള്ളങ്ങൾ അടക്കം ഒമ്പത് ചെറുവള്ളങ്ങളുടെ മത്സരവും നടക്കും.
ഫൈനൽ അരങ്ങേറുന്ന സമയത്ത് കായൽമേഖലയിൽ മറ്റ് ജലയാനങ്ങളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഫൈനൽ പരിപാടികൾക്ക് തുടക്കമാകും. ഉദ്ഘാടനത്തിൽ വായുസേന സതേൺ എയർ കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയാകും. ഉദ്ഘാടന ചടങ്ങ് പൂർത്തിയാക്കി 2.15 ഓടെ വള്ളങ്ങളുടെ മാസ് ഡ്രിൽ അരങ്ങേറും. മൂന്നോടെ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ നടക്കും. തുടർന്ന് ചെറുമത്സരങ്ങളുടെ മത്സരവും ഇത് പൂർത്തിയാകുന്നതോടെ ഫൈനൽ പോരാട്ടവും ആവേശം നിറക്കും. ഒന്നാമതെത്തുന്ന ചുണ്ടൻവള്ളത്തിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
പ്രസിഡന്റ്സ് ട്രോഫി ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. പ്രസിഡന്റ്സ് ട്രോഫിക്കൊപ്പം ആർ. ശങ്കർ മെമ്മോറിയൽ എവറോളിങ് ട്രോഫിയും സമ്മാനിക്കും. സംസ്ഥാന സർക്കാർ 12 കോടി രൂപയാണ് ഇത്തവണ സി.ബി.എല്ലിന് അനുവദിച്ചത്. പരാതികൾക്കിടനൽകാതെ സുരക്ഷക്ക് പ്രാധാന്യം നൽകി, മികവുറ്റ രീതിയിൽ ഫൈനൽ മത്സരങ്ങൾ അരങ്ങേറാനുള്ള ഒരുക്കം അവസാനഘട്ടത്തിലാണെന്ന് എം. മുകേഷ് എം.എൽ.എ, സി.ബി.എൽ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ആർ.കെ. കുറുപ്പ്, കെ.കെ. ഷാജു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.