കൊല്ലം: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യത്തിന് ചുക്കാൻപിടിച്ച ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഉൾപ്പടെയുള്ള 138 ഓളം വരുന്ന ടി.കെ.എമ്മിലെ പൂർവവിദ്യാർഥികളായ ശാസ്ത്രജ്ഞരെ ‘നക്ഷത്രങ്ങൾക്കൊപ്പം’ എന്ന ചടങ്ങിൽ ആദരിച്ചു. കോളജിൽ മെക്കാനിക്കൽ വർക്ഷോപ് ബ്ലോക്കിന് ‘സോമനാഥ് സെന്റർ’ എന്ന് പുനർനാമകരണവും ചെയ്തു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കോളജിന്റെ ഓട്ടോണമസ് കരിക്കുലം എസ്. സോമനാഥ് പ്രകാശനം ചെയ്തു. ഐ.എസ്.ആർ.ഒ-ടി.കെ.എം കോളജ് ഓഫ് എൻജിനിയറിങ് കൊളാബറേഷനിൽ തുടങ്ങിയ സെന്റർ ഓഫ് എക്സലൻസിന്റെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ടി.കെ.എം കോളജിലെ പഠനകാലം കരിയറിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച എസ്.സോമനാഥ് ഐ.എസ്.ആർ.ഒ ഉൾപ്പടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ മാറിവരുന്ന നിയമനരീതികൾക്ക് അനുസൃതമായി ടി.കെ.എം പോലെയുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനരീതി സമയബന്ധിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ വളരെ ഔന്നത്യമുള്ള വിദ്യാഭ്യാസമേഖലയെ എങ്ങനെ ഉൽപന്നങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നതിന് തെളിവാണ് കേരളത്തിലെ എൻജിനീയറിങ് മേഖലയെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു.
കംട്രോളർ-ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഓഫിസിന്റെ പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ, ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസ്ലിയാർ, ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസ്ലിയാർ, ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ്, ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എസ്. അയൂബ്, വൈസ് പ്രിൻസിപ്പൽ ഡോ. ആർ. സജീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.