കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. പുതുതലമുറകളിൽ മാലിന്യ നിർമാർജനത്തെക്കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും ഹരിതസഭയിലൂടെ കുട്ടികൾക്ക് അവസരം ലഭിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തദ്ദേശ സ്ഥാപന പരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അവസരം നൽകിയാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക, ഇല്ലാത്ത പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും വേണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും 150-200 കുട്ടികളാണ് ഹരിതസഭയിൽ പങ്കെടുക്കുന്നത്. ഹരിതസഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽനിന്ന് ഒരു അധ്യാപകന് ചുമതല നൽകിയിട്ടുണ്ട്.
കുട്ടികളുടെ ഹരിതസഭയിൽ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കില, തുടങ്ങിയവയിലെ റിസോഴ്സ് പേഴ്സൺമാരുടെ പങ്കാളിത്തം ഉണ്ടായിരിക്കുകയും ഹരിതസഭയിൽ ഉയർന്നുവരുന്ന നിർദേശങ്ങൾക്ക് വിശദീകരണം നൽകുവാനും ഇവർക്ക് സാധിക്കും. ഹരിതസഭയിലേക്ക് തെരഞ്ഞെടുത്ത കുട്ടികൾ അതത് പ്രദേശത്തെയും വിദ്യാലയങ്ങളിലെയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട് അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.