കൊല്ലം: കടൽ, കായൽ തീരങ്ങളിൽ നിർമാണത്തിനുള്ള തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചതിൽ പ്രതീക്ഷയോടെ ജില്ല. 1991ൽ നിലവിൽ വന്ന തീരദേശ പരിപാലന നിയമത്തിലെ 2019ലെ കേന്ദ്ര സർക്കാർ പുതുക്കിയ തീരദേശ പരിപാലന നിയമം പ്രകാരം കേരളം സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. സി.ആർ.ഇസഡ് നിയന്ത്രണങ്ങൾ കാരണം വീടുകൾക്ക് നമ്പർ ലഭിക്കാതെയും കൂട്ടിച്ചേർക്കൽ നടത്താനാകാതെയും വിഷമിക്കുന്ന ആയിരങ്ങൾക്ക് പുതിയ ഇളവുകൾ ആശ്വാസമാകും.
തീരദേശ പരിപാലന നിയമത്തിൽ നിർമാണ നിരോധനം കടൽ തീരത്ത് 200 മീറ്ററിൽനിന്ന് 100 മീറ്ററായി കുറയുന്നതും കായൽ തീരത്ത് 100 മീറ്ററിൽ നിന്ന് 50 മീറ്ററായി ചുരുങ്ങുന്നത് ജില്ലയിൽ വലിയ പ്രതീക്ഷ നൽകുന്ന മാറ്റമാണ്.
കൊല്ലം പരവൂർ മേഖല മുതൽ ആലപ്പാട് മേഖലവരെയുള്ള കടൽ തീരങ്ങളിലും അഷ്ടമുടി ഉൾപ്പെടെ കായൽ മേഖലകളിലും താമസിക്കുന്നവർക്ക് പഴയനിലയിൽനിന്ന് വ്യത്യസ്തമായി നിർമാണങ്ങൾക്ക് ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കോർപറേഷനിൽ ശക്തികുളങ്ങര, പള്ളിത്തോട്ടം, തങ്കശേരി, മൂതാക്കര, പോർട്ട്, വെടിക്കുന്ന് ഭാഗങ്ങളിലെ നിവാസികൾ നിലവിലെ നിയന്ത്രണങ്ങൾ കാരണം ഏറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൊല്ലം തീരത്ത് മാത്രം നൂറുകണക്കിന് വീടുകൾക്ക് നമ്പർ പോലും ലഭിക്കാതെ വർഷങ്ങളായി ആളുകൾ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. അഷ്ടമുടി കായലിനെ ചുറ്റിയുള്ള കോർപറേഷൻ ഡിവിഷനുകൾ കൂടാതെ വരുന്ന പേരയം, കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത്, പനയം, പെരിനാട്, തൃക്കരുവ, തേവലക്കര, തെക്കുംഭാഗം, ചവറ, നീണ്ടകര, കുണ്ടറ പഞ്ചായത്തുകളിലും സമാനമാണ് സ്ഥിതി.
അതേസമയം, ടൗൺ പഞ്ചായത്ത് വിഭാഗത്തിൽ ആലപ്പാട് പോലുള്ള പഞ്ചായത്തുകൾ ഇടംപിടിക്കാതിരുന്നത് തിരിച്ചടിയായുണ്ട്. സംസ്ഥാനത്ത് 66 പഞ്ചായത്തുകൾക്ക് ഇളവ് ലഭിക്കുന്നതിൽ കൊല്ലത്ത് നിന്നുള്ളവ ഒന്നും പുതുതായി ഉൾപ്പെട്ടിട്ടില്ല.
ഉൾനാടൻ തീരപ്രദേശങ്ങൾക്ക് വലിയ വെല്ലുവിളി ആയിരുന്ന സി.ആർ.ഇസഡ് 1ബി പ്രകാരമുള്ള നിയന്ത്രണത്തിൽ വലിയ മാറ്റം വരുത്തി റെഗുലേറ്റഡ് വാട്ടർ ആയി പരിഗണിക്കണമെന്ന സംസ്ഥാന സർക്കാർ വാദം അംഗീകരിച്ചതും ജില്ലക്ക് ആശ്വാസമാണ്. ഇതിലൂടെ മൺറോതുരുത്ത്, ആദിച്ചനല്ലൂർ എന്നീ പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ വലിയ ഇളവ് ലഭിക്കും.
സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകൾക്ക് സി.ആർ.ഇസഡ് 1എ ബഫർ സോൺ ഒഴിവാക്കിയതും സർക്കാർ ഭൂമിയിലെ 1000 സ്ക്വയർ മീറ്ററിന് മുകളിൽ ഉള്ള കണ്ടൽ കാടുകൾക്ക് മാത്രം ബഫർ സോൺ മതി എന്ന് നിജപ്പെടുത്തിയതും ഉപയോഗപ്പെടും. കായൽ ദ്വീപുകളിൽനിർമാണ നിരോധനം 20 മീറ്റർ ആയി ചുരുങ്ങുന്നത് ജില്ലയിൽ വിവിധ തുരുത്തുകളിൽ ജീവിക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന മാറ്റമാണ്. ജില്ലയിലെ കൊല്ലം കോർപ്പറേഷൻ , മൺറോതുരുത്ത്, തെക്കുംഭാഗം, ആലപ്പാട്, നീണ്ടകര, തേവലക്കര, ആദിച്ചനല്ലൂർ, തൃക്കരുവ ,പേരയം, പരവൂർ എന്നിവിടങ്ങളിലെ ദ്വീപ് പ്രദേശങ്ങളിലെ നിവാസികൾക്ക് ഇത് പ്രയോജനപ്പെടും.
ആലപ്പാടിനെ ഒഴിവാക്കിയതിൽ പ്രതിഷേധംCoastal management: Kollam with hope of reliefകരുനാഗപ്പള്ളി: തീരദേശ പരിപാലന പ്ലാനിൽ ഇളവ് ലഭിക്കുന്ന ടൗൺ പഞ്ചായത്ത് പട്ടികയിൽ ആലപ്പാടിനെ പരിഗണിക്കാത്തതിൽ പ്രതിഷേധം. തീരപ്രദേശത്തെ ആളുകളെ വിശ്വാസത്തിലെടുക്കാതെ നടപ്പാക്കിയ നിയമമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ കേന്ദ്ര സർക്കാർ നടപ്പാക്കിയിരിക്കുന്നതെന്ന് സി.ആർ. മഹേഷ് എം.എൽ.എ കുറ്റപ്പെടുത്തി. ഇത് സംബന്ധമായി സർക്കാർതലത്തിൽ ശേഖരിച്ച പബ്ലിക് ഹിയറിങ് റിപ്പോർട്ട് പുറത്തുവിടാത്തതിൽ നിഗൂഢതയുണ്ട്. ധൃതി പിടിച്ച നിയമം നടപ്പാക്കുക വഴി ജനങ്ങളുടെ അവകാശം നിഷേധിക്കലാണ് എന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പാട് നിവാസികള്‍ക്ക് വീട് വെക്കുകയെന്നത് സ്വപ്നമായി അവശേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ആശങ്കപ്പെടുന്നു. സോണ്‍ രണ്ടിൽ ഉള്‍പ്പെടുത്തേണ്ട പ്രധാന പഞ്ചായത്താണ് ആലപ്പാട്. ഈപഞ്ചായത്തില് നഗരവത്കരണ പഞ്ചായത്തിന് വേണ്ട എല്ലാ സൗകര്യവുമുണ്ട്. ഖനന മേഖലയെന്ന രീതിയിലാണ് പൂർണമായിട്ടും പഞ്ചായത്തിനെ ഒഴിവാക്കിയത്. ഇവിടെ കടലും കായലും തമ്മില്‍ 20 മീറ്റർ വ്യത്യാസമേയുള്ളൂ. സാധാരണ മത്സ്യത്തൊഴിലാളിക്ക് പോലും വീടുവെക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ. ടൗൺ പഞ്ചായത്തിൽ ആദ്യം ഉൾപ്പെടുത്തേണ്ടത് ആലപ്പാടിനെയാണ്. 2011ലെ സെന്‍സസ് അനുസരിച്ച് 22000 ജനസംഖ്യയുള്ള പഞ്ചായത്തിലെ ജനസംഖ്യ പുതിയ സെൻസസിൽ ഇരട്ടിയായി ഉയരും. അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ജില്ലയിലെ ഒരു പഞ്ചായത്തിനെ പോലും നഗരവത്കരണ പഞ്ചായത്താക്കി മാറ്റിയിട്ടില്ല. ബാക്കിയുള്ള പഞ്ചായത്തുകളെ കൂട്ടിയോജിപ്പിച്ച് ആലപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം ആസൂത്രണം ചെയ്യുമെന്നും ഉല്ലാസ് പറഞ്ഞു.
മൺറോതുരുത്തിനും പേരയത്തിനും ആശ്വാസം
കുണ്ടറ: തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന്റെ ആവശ്യപ്രകാരം കേന്ദ്രം അംഗീകരിച്ച ഇളവുകൾ മൺറോതുരുത്ത്, പേരയം പഞ്ചായത്തിലെ തീരദേശ വാസികൾക്ക് ആശ്വാസം നൽകും. പുതിയ പ്ലാൻ പ്രകാരം കടൽ തീരത്ത് നിർമാണ നിരോധനം ഏർപ്പെടുത്തിയിരുന്ന പരിധി 200 മീറ്ററിൽനിന്ന് 100ആയും കായൽ തീരങ്ങളിൽ ഇത് 50 മീറ്ററായും കുറച്ചതാണ് ആശ്വാസത്തിന് വക നൽകുന്നത്. ഇതോടെ മൺറോതുരുത്ത് പഞ്ചായത്തിൽ നേരിടുന്ന നിർമാണ പ്രവർത്തനങ്ങൾക്കുള്ള തടസ്സം നീങ്ങും എന്ന പ്രതീക്ഷയിലാണ് നാട്. നിലവിൽ വീടുകളിൽ ഒരു മുറി പോലും കൂട്ടിച്ചേർക്കാൻ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്ന നിരവധി പേരാണുള്ളത്. അത്തരം പ്രശ്നങ്ങൾ പുതിയ നിയമത്തോടെ മാറുമെന്ന പ്രതീക്ഷയിലാണ് മൺറോതുരുത്ത് നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.