കൊല്ലം: മനുഷ്യരാശിയുടെ നിലനിൽപിന് സമുദ്ര പുനരുജ്ജീവനത്തിനായുള്ള കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടൽ മേഖലയും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഉദ്ഘാടനം ലോക സമുദ്ര ദിനത്തിൽ തങ്കശ്ശേരി ബസ് ബേയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തീരത്തുനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യാനുള്ള സത്വരമായ നടപടികൾ സ്വീകരിക്കും. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ജാഗ്രതയോടെയുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് വേണ്ടത്. പദ്ധതിയുടെ നിർവഹണത്തിന് ക്ലീൻ കേരള കമ്പനിയെയും ഹരിത കർമസേനയെയും ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടമായി സെപ്റ്റംബർ 18 ന് ലക്ഷങ്ങൾ അണിനിരക്കുന്ന പ്ലാസ്റ്റിക് നിർമാർജന യജ്ഞം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 'ശുചിത്വസാഗരം സുന്ദരതീരം' ലോഗോ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചലച്ചിത്ര താരം മഞ്ജുവാര്യരാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.
2018ൽ നീണ്ടകര ഹാർബറിൽ ആരംഭിച്ച പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്. ബോധവത്കരണം, മാലിന്യശേഖരണം- പുനരുപയോഗം, തുടർ പ്രചാരണം എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി. ശുചീകരണ യജ്ഞത്തിൽ 15000ത്തോളം സന്നദ്ധപ്രവർത്തകർ പങ്കാളികളാകും. മൂന്നാം ഘട്ടത്തിൽ 20 ഹാർബറുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിച്ച് സംസ്കരിക്കും. ചടങ്ങിനോടനുബന്ധിച്ച് 'സമുദ്ര ആവാസവ്യവസ്ഥയുടെ വിവേകപൂർണമായ ഉപയോഗം' എന്ന വിഷയത്തിൽ പരിസ്ഥിതി സംരക്ഷണ വകുപ്പ് നേതൃത്വം നൽകിയ സെമിനാർ നടന്നു.
മേയർ പ്രസന്ന ഏർണെസ്റ്റ് മുഖ്യാതിഥിയായി. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ഫിഷറീസ് വകുപ്പ് ജീവനക്കാർ, വിവിധ വകുപ്പു മേധാവികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, എൻ.എസ്.എസ്, എസ്.പി.സി വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.