കിളികൊല്ലൂര്‍: കോവിഡ് കാലത്തെ കുടിശ്ശിക ഗഡുക്കളായി അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായ പരാതിയുമായി വ്യവസായി. പ്രതികാര നടപടിയുടെ ഭാഗമായി വ്യവസായിയുടെ സ്ഥാപനത്തിന്റെ ഗേറ്റ് ചാടിക്കടന്ന് ഫ്യൂസ് ഊരിയതായാണ് പരാതി.
ചന്ദനത്തോപ്പ് എ.എസ് ഇന്‍ഡസ്ട്രീസ് ഉടമ അബ്ദുൽസലാമാണ് കിളികൊല്ലൂര്‍ അസി.എന്‍ജിനീയര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൊല്ലം എ.സി.പിക്ക് പരാതി നല്‍കിയത്.
ലോക്ക്ഡൗണ്‍ സമയത്ത് കട അടച്ചിട്ടിരുന്ന സമയത്ത് ഫിക്സഡ് ചാര്‍ജ് കുടിശ്ശികയടക്കം വന്‍ തുകയായി മാറി. കുടിശ്ശികയില്‍ ഇളവോ ഗഡുക്കളായോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സലാം കിളികൊല്ലൂര്‍ എക്സികൂട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും വൈദ്യൂതി മന്ത്രിക്കും അപേക്ഷ നല്‍കിയത്. രണ്ടിടത്തുനിന്നും കുടിശ്ശിക അടയ്ക്കുന്നതില്‍ ഇളവനുവദിച്ച് നല്‍കുകയും സെക്ഷന്‍ ഓഫിസിനെ ഈ വിവരം അറിയിക്കുകയും ചെയ്തു. ഇതിന്റെ വിരോധമാണ് മുന്നറിയിപ്പ് പോലും നല്‍കാതെ മേക്കോണിലെ നിർമാണ യൂനിറ്റിന്റെ മതിലു ചാടിക്കടന്ന് ഫ്യൂസ് ഊരിയതെന്ന് സലാം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം വ്യവസായിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും പോസ്റ്റില്‍ നിന്നാണ് കണക്ഷന് കട്ട് ചെയ്തതെന്നും കിളികൊല്ലൂർ വൈദ്യുതി സെക്ഷന്‍ ജീവനക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.