പുനലൂർ: ശബരിമല മണ്ഡലകാലത്ത് കിഴക്കൻ മേഖല വഴി വരുന്ന തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിന് പുനലൂരിലെ ഉൾപ്പെടെ മുന്നൊരുക്കം പൂർത്തിയാകുന്നു. പ്രവൃത്തികളുടെ അവലോകനം പി.എസ്. സുപാൽ എം.എൽ.എയുടെ അധ്യക്ഷതയിൽ പുനലൂരിൽ നടത്തി.
തീർഥാടകർക്കായി ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് ഉൾപ്പെടെ സൗകര്യങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് ഒരുക്കും. ഇതിനായി ആശുപത്രിയിൽ പ്രത്യേകം ജീവനക്കാരെ നിയോഗിക്കും. അത്യാഹിതവിഭാഗം നവീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ പരിശോധനകൾ സൗജന്യമായോ കുറഞ്ഞ ചെലവിലോ ചെയ്യും. വരിനിൽക്കാതെ മരുന്നും നൽകാനുള്ള സൗകര്യവും ഒരുക്കും.
ഭക്ഷ്യസുരക്ഷാവകുപ്പ് സഞ്ചരിക്കുന്ന ലബോറട്ടറി വഴി സീസൺ കടകളിലെ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ പരിശോധിക്കും. അധികവില ഈടാക്കുന്നതും തടയും. വനമേഖലകളിൽ വനംവകുപ്പ് പ്രത്യേക പരിശോധന നടത്തും. കൊല്ലം-തിരുമംഗലം ദേശീയപാതയുടെ ഇരുവശവും ഗതാഗതത്തിന് ബുദ്ധിമുട്ടായ കാട് ഒരാഴ്ചക്കുള്ളിൽ നീക്കംചെയ്യണമെന്ന് എം.എൽ.എ നിർദേശിച്ചു.
പുനലൂരിലെ സ്നാനഘട്ടത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഉടൻ ക്രമീകരണമൊരുക്കണം. അടച്ചിട്ടിരിക്കുന്ന ശൗചാലയങ്ങൾ തുറക്കാനും നിർദേശം നൽകി. കഴുതുരുട്ടി മുറിയൻപാഞ്ചാൽ ഭാഗത്തെ ഇൻറർലോക്ക് പാകൽ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്നും ചൊവ്വാഴ്ച സ്ഥലം സന്ദർശിക്കുമെന്നും എം.എൽ.എ അറിയിച്ചു.
ഈ മേഖലയിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ നൂറംഗ സ്പെഷ്യൽ പൊലീസ് സേനയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പുനലൂർ ഡിവൈ.എസ്.പി. വി.എസ്. പ്രദീപ്കുമാർ അറിയിച്ചു.
നെല്ലിപ്പള്ളിയിലെ ഇടത്താവളത്തിന്റെ വികസനപ്രവർത്തനം കുറേക്കൂടി നേരത്തേ ആരംഭിക്കേണ്ടിയിരുന്നെന്നും ഒരുമാസത്തിനുള്ളിൽ എല്ല പ്രവൃത്തിയും പൂർത്തീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
പുനലൂർ നഗരസഭ വൈസ് ചെയർമാൻ രഞ്ജിത് രാധാകൃഷ്ണൻ, ആർ.ഡി.ഒ ജി. സുരേഷ്ബാബു, തഹസിൽദാർ അജിത് ജോയ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.