കൊല്ലം: എസ്.എൻ കോളജിൽ ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടി, രണ്ടു പേർക്ക് പരിക്കേറ്റു. കോളജ് യൂനിയൻ ചെയർമാനും രണ്ടാം വർഷ ഫിലോസഫി വിദ്യാർഥിയുമായ വൈഭവ്, രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥി അച്ചു എന്നിവർക്കാണ് പരിക്കേറ്റത്. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് വൈഭവിന്റെ തലയ്ക്ക് നാല് തുന്നലുണ്ട്. സംഭവത്തെക്കുറിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നതിങ്ങനെ: ഒരു വിഭാഗം വിദ്യാർഥികൾ കഴിഞ്ഞ വെള്ളിയാഴ്ച കോളജിലെ ശുചിമുറിയിലിരുന്ന ലഹരി വസ്തുക്കൾ ഉപയോഗിച്ചു. ഇക്കാര്യം അപ്പോൾ തന്നെ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇന്നലെ ലഹരി ഉപയോഗിച്ചവരുടെ പേരുസഹിതം പ്രിൻസിപ്പലിന് പരാതി നൽകി. അതിന് പിന്നാലെ ലഹരി ഉപയോഗിച്ചവർ അടക്കമുള്ള പതിനഞ്ചോളം പേരടങ്ങുന്ന സംഘം കോളജ് യൂണിയൻ ചെയർമാൻ അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.
സംഘർഷമറിഞ്ഞ് പൊലീസെത്തിയതോടെയാണ് ഇരു വിഭാഗം വിദ്യാർഥികളും പിന്തിരിഞ്ഞത്. തലയ്ക്ക് സാരമായി പരിക്കേറ്റ വൈഭവ് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തതായി കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.