കൊല്ലം: നഗരസഭ കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന മേയർ പ്രസന്ന ഏണസ്റ്റിന്റെ ഓഫിസിൽ വൻ തീപിടിത്തം. കാൽ കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്. നിരവധി ഫയലുകൾ കത്തി നശിച്ചു. എയർകണ്ടീഷണറുകളും ടി.വിയും ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങളും ഫർണിച്ചറും നശിച്ചു. മുറിയിൽ ഒരു ഭാഗത്ത് മാത്രം തീപടർന്നതിനാൽ വലിയ അപകടം ഒഴിവായി. ശനിയാഴ്ച പുലർച്ചെയാണ് അത്യാഹിതം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നഗരസഭ കെട്ടിടത്തിലെ ഒന്നാംനിലയിൽ സ്ഥിതിചെയ്യുന്ന ഓഫിസിൽ തീപടരുന്നത് രാവിലെ അഞ്ചരയോടെ ജോലിക്കെത്തിയ ശുചീകരണ വിഭാഗം ജീവനക്കാരാണ് ആദ്യം കണ്ടത്.
കോർപറേഷൻ ഓഫിസിന്റെ മുൻവശത്തുനിന്ന് കാണാൻ കഴിയുന്ന സ്ഥലത്തല്ല മേയറുടെ ഓഫിസ് സ്ഥിതിചെയ്യുന്നത്. ഓഫിസിന്റെ പുറകുവശത്ത് ജീവനക്കാർ നിൽക്കവേ ഈ ഭാഗത്തുള്ള ജനലിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് തീപടരുന്നത് കണ്ടത്. ഇവർ സുരക്ഷ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് മുകളിൽ കയറി മേയറുടെ ഓഫിസിന് മുന്നിലെ ഇടനാഴിയിലേക്കുള്ള വാതിൽ തുറന്നപ്പോഴേക്കും കടുത്ത പുകയും രൂക്ഷഗന്ധവും അനുഭവപ്പെട്ടു. സുരക്ഷ ജീവനക്കാർ അറിയിച്ചതനുസരിച്ച് മേയർ ഉടനെ കടപ്പാക്കട അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. മേയറുടെ സീറ്റിന്റെ വലതുവശത്തായുള്ള ജനലിന് തൊട്ടുമുകളിൽ സ്ഥാപിച്ചിരുന്ന എ.സിയുടെ സ്വിച്ചിൽ നിന്നാണ് ഷോർട്ട്സർക്യൂട്ട് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. പൂർണമായും അടച്ചുപൂട്ടിയിരുന്ന മുറിയിൽ തീപിടിത്തത്തെ തുടർന്നുണ്ടായ ചൂടിൽ ജനൽ ചില്ല് പൊട്ടിത്തെറിച്ചതാണ് ജീവനക്കാർ കേട്ടത്.
വിവരമറിഞ്ഞ് 6.15ഓടെ കടപ്പാക്കടയിൽ നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന അംഗങ്ങൾ ഈ ജനൽ വഴി വെള്ളം ചീറ്റിച്ച് തീയണക്കാനുള്ള ശ്രമം നടത്തി. കടുത്ത പുകയും വെളിച്ചമില്ലായ്മയും കാരണം ഓഫിസിലേക്ക് കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടി. ഒരു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും ഓഫിസിന്റെ ഒരുഭാഗം ഏകദേശം പൂർണമായും നശിച്ചനിലയിലായിരുന്നു. ഷോർട്ട് സർക്ക്യൂട്ട് ഉണ്ടായെന്ന് കരുതുന്ന എ.സി പൂർണമായും കത്തിനശിച്ചതിനൊപ്പം തൊട്ടടുത്ത ജനലിന് മുകളിലുണ്ടായിരുന്ന എ.സിയും നശിച്ചു. ചുമരിൽ പതിപ്പിച്ചിരുന്ന തടിപാനലിനും ഈ ഭാഗത്തായി ഉണ്ടായിരുന്ന ഫർണിച്ചറിനും ഫയലുകൾക്കും തീപിടിച്ചു.
മേയറുടെ സീറ്റിന് എതിർവശത്തായി ഉണ്ടായിരുന്ന ടി.വിയുടെ സ്ക്രീൻ ഉൾപ്പെടെ ഇളകിമാറി പൂർണമായും നശിച്ചു. ഫാനുകൾ, വിഡിയോ കോൺഫറൻസ് കാമറ, ലൈറ്റ്, കോർപറേഷൻ ലഭിച്ച പുരസ്കാരങ്ങൾ എന്നിവയും നശിച്ചവയിൽ ഉൾപ്പെടുന്നു. മേയറുടെ അംഗീകാരത്തിനായി സൂക്ഷിച്ചിരുന്ന ബില്ലുകൾ ഉൾപ്പെടെ ഭാഗികമായി കത്തി നശിച്ച ഫയലുകളും നിരവധിയാണ്. മേയറുടെ മേശപ്പുറത്തേക്കും സീറ്റിലേക്കും തീ പടർന്നില്ല. തീ കാര്യമായി പിടിച്ച ജനലിന് തൊട്ടരികിലായി ഉള്ള ചുമർ അലമാരക്കും കേടുപാടുണ്ടായില്ല. മുറിയുടെ ചുമരുകളും സീലിങ്ങും ഉൾപ്പെടെ കരി നിറഞ്ഞു. തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ ഒരു മണിക്കൂർ എടുത്തെങ്കിലും തടി ഉപയോഗിച്ചുള്ള ചുമർ പാനലിലേക്ക് കൂടുതൽ തീ പടരാതിരുന്നത് വലിയ ആശ്വാസമായി.
എ.സി.പി അഭിലാഷ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ഈസ്റ്റ് പൊലീസും ഫോറൻസിക് വിദഗ്ധരും ഇലക്ട്രിക്കൽ ഇൻസപെക്ടറേറ്റും മുറിയിൽ പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് നാശനഷ്ടത്തിന്റെ കണക്ക് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത ഈസ്റ്റ് പൊലീസിന് കോർപറേഷൻ അധികൃതർ നൽകിയ മൊഴിയിലാണ് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നതായി വ്യക്തമാക്കിയത്. തങ്ങൾ എത്തുന്നതിനും ഒരു മണിക്കൂർ മുമ്പെങ്കിലും തീ കത്തിത്തുടങ്ങിയിരുന്നു എന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം. കടപ്പാക്കട സ്റ്റേഷൻ ഓഫിസർ ഡി. ബൈജു, അസി. സ്റ്റേഷൻ ഓഫിസർ ആർ. സജീവ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഡി. രാജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വിജേഷ്, ജിതിൻ, ഭദ്രൻ, വിമൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.