കൊല്ലം: ഭക്ഷണശാലകളിലും കാറ്ററിങ് കേന്ദ്രങ്ങളിലും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ആരോഗ്യക്ഷമത തെളിയിക്കുന്ന ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ സ്ഥാപനത്തിന്പൂട്ടുവീഴും. കർശന നിർദേശം പ്രാബല്യത്തിലാകാൻ ഇനി ഒമ്പത് ദിനം കൂടി. നിലവിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി(എഫ്.എസ്.എസ്.ഐ.എ) നിയമപ്രകാരം ജീവനക്കാർക്ക് ഹെൽത്ത്കാർഡ് നിർബന്ധമാണെങ്കിലും ഭക്ഷ്യസുരക്ഷ വിഭാഗം ഇത് കർക്കശമാക്കിയിരുന്നില്ല.
നോട്ടീസ് നൽകുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ, നിരുത്തരവാദിത്തപരമായ പ്രവർത്തനങ്ങൾ പിടിവിടുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി ഒന്നുമുതൽ ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർ പ്രവർത്തിച്ചാൽ സ്ഥാപനം തന്നെ പൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പ് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചത്.
എഫ്.എസ്.എസ്.ഐ.എയുടെ നിശ്ചിത മാതൃകയിൽ രജിസ്ട്രേഡ് ഡോക്ടറിൽ നിന്നാണ് ഹെൽത്ത് കാർഡ് വാങ്ങേണ്ടത്. ഇതിനായി ആവശ്യമായ പരിശോധനകൾ നടത്തണം. പാചകക്കാർ, വിളമ്പുകാർ ഉൾപ്പെടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കാണ് ഹെൽത്ത് കാർഡ് ആവശ്യമുള്ളത്.
ഒരു വർഷം കാലാവധിയുള്ള കാർഡ് ഉൾപ്പെടെ രേഖകൾ തൊഴിലാളി പണിയെടുക്കുന്ന സ്ഥാപനത്തിൽ സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന സമയത്ത് ഹെൽത്ത് കാർഡില്ലാത്ത ഒരു ജീവനക്കാരൻ ഉണ്ടായാലും കടുത്ത നടപടിയാണ് നേരിടേണ്ടിവരിക.
അതേസമയം, എഫ്.എസ്.എസ്.ഐ.എ മാതൃകയിൽ ഹെൽത്ത് കാർഡ് എടുക്കുന്നത് കോർപറേഷൻ ആരോഗ്യ വിഭാഗം അംഗീകരിക്കില്ലെന്നും കോർപറേഷന്റെ മാതൃകയിലുള്ളത് ഭക്ഷ്യസുരക്ഷ വകുപ്പ് അംഗീകരിക്കില്ലെന്നുമുള്ള ആശങ്ക ഹോട്ടലുടമകൾക്കുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. എല്ലാ ജീവനക്കാർക്കും കാർഡ് എടുക്കാൻ സമയപരിധി കുറവാണെന്ന പരാതി ഉന്നയിക്കുന്നവരുമുണ്ട്.
ലൈസൻസ് ഉൾപ്പെടെ എല്ലാ ചട്ടങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കാറുണ്ട്. ലൈസൻസ് നേടുന്നതിന് കാണിക്കേണ്ട പ്രധാന രേഖകളിൽ ഒന്നാണ് ജീവനക്കാരുടെ ഹെൽത്ത്കാർഡ്.
എന്നാൽ, ലൈസൻസ് പോലും ഇല്ലാതെ കൂണുപോലെ ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന നാട്ടിൽ കിട്ടുന്നവരെക്കൊണ്ട് പണിയെടുപ്പിക്കുന്നതും സ്ഥിരമാണ്. ജങ്ഷനുകളിൽ പ്രഭാതങ്ങളിൽ ജോലിക്കായി കാത്തുനിൽക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഹോട്ടലുകളിലെ പണിക്കായും വിളിച്ചുകൊണ്ടുപോകുന്നവർ നിരവധിയാണ്.
കാറ്ററിങ് രംഗത്തും താൽക്കാലിക വ്യവസ്ഥയിൽ വന്ന് ഭക്ഷണം വിളമ്പി പണവും വാങ്ങിപ്പോകുന്നവർ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരം നടപടികൾ അവസാനിപ്പിക്കുന്നതിനായാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത്.
പകർച്ചവ്യാധികൾ, ചർമരോഗം, അണുബാധ, മുറിവുകൾ എന്നീ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ പരിശോധിച്ച് ഉറപ്പാക്കണം. കാഴ്ച പരിശോധനയും നടത്തണം. പകർച്ചവ്യാധിയില്ലെന്ന് ഉറപ്പാക്കാൻ രക്തപരിശോധന ഉൾപ്പെടെ ചെയ്യണം.
വാക്സിനേഷൻ പൂർത്തിയാക്കിയതും ഉറപ്പാക്കി വേണം ഡോക്ടർ നിശ്ചിത മാതൃകയിൽ ആരോഗ്യക്ഷമത കാർഡ് നൽകാവു. പരിശോധന റിപ്പോർട്ടുകളും കാർഡിനൊപ്പം തൊഴിലിടങ്ങളിൽ തന്നെ സൂക്ഷിക്കണം.
ഹോട്ടലുകൾക്ക് മാത്രമല്ല, ഭക്ഷണം വിൽപനക്കും വിതരണത്തിനുമായി തയാറാക്കുന്ന ഏതൊരാൾക്കും ഹെൽത്ത് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ബേക്കറികൾ, തട്ടുകടകൾ, വീടുകളിൽ ഭക്ഷണം തയാറാക്കി വിൽക്കുന്നവർ, കാറ്ററിങ് സ്ഥാപനങ്ങൾ, ഓഫിസ്, വിദ്യാലയ കാന്റീനുകൾ, അന്നദാനം നടത്തുന്ന ആരാധനാലയങ്ങൾ, ഹോസ്റ്റലുകൾ, ഉച്ചഭക്ഷണം നൽകുന്ന സ്കൂൾ എന്നിങ്ങനെ ഏതുവിധത്തിൽ ഭക്ഷണം തയാറാക്കി നൽകുന്നവരും ഹെൽത്ത് കാർഡ് നിർബന്ധമായി എടുത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.