കൊല്ലം: ദേശീയ ആരോഗ്യദൗത്യത്തിലെ വിവിധ തസ്തകകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിൽ ക്രമക്കേടെന്ന് ആക്ഷേപം. മാനദണ്ഡം ലംഘിച്ച് 11 പേരെ തിരുകിക്കയറ്റിയാണ് അഭിമുഖം നടത്തുന്നതെന്നാരോപിച്ച് ഉദ്യോഗാർഥികൾ രംഗത്തെത്തി. ബുധനാഴ്ച അഭിമുഖം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ആരോപണമുള്ള 11 പേരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ലെന്നും അന്തിമ പട്ടിക വൈകുന്നേരം തന്നെ പ്രസിദ്ധീകരിക്കുമെന്നും കൊല്ലം എ.സി.പി വിജയകുമാറിനെ സാന്നിധ്യത്തിൽ ഇൻറർവ്യൂ ബോർഡ് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്.
മെഡിക്കൽ ഓഫിസർ (എം.ബി.ബി.എസ്, ആയുർവേദ, ഹോമിയോ), സെൻറർ സർജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡയറ്റീഷ്യൻ സ്റ്റാഫ് നഴ്സ്, റോഡിയോഗ്രാഫർ തസ്തികകളിലേക്കാണ് താൽക്കാലിക നിയമനം. ഇതിനായി പരീക്ഷ നടത്തി ചുരുക്കപ്പട്ടിക തയാറാക്കിയെങ്കിലും കട്ട് ഓഫ് മാർക്ക് എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഉയർന്ന മാർക്ക് വാങ്ങിയവരെ ഒഴിവാക്കിയെന്ന് ഒരുവിഭാഗം ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നു. കൂടാതെ ചുരുക്കപ്പട്ടികയിൽ ആദ്യം ഉൾപ്പെടാത്ത 11 പേരെ കൂടി അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് കാട്ടി എൻ.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസർ ഉത്തരവ് ഇറക്കിയിരുന്നു. െമഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് പരീക്ഷ എഴുതിയ ഇവരുടെ കൈയൊപ്പും കാൻഡിഡേറ്റ് കോഡും രേഖപ്പെടുത്തിയതിലെ പിഴവും മൂലം ഉത്തരക്കടലാസ് അസാധുവായെന്ന് കണക്കാക്കിയിരുന്നു. ഇവർക്കെല്ലാം കട്ട് ഓഫിന് മുകളിൽ മാർക്ക് ലഭിച്ചതിനാൽ അഭിമുഖത്തിന് പങ്കെടുക്കാമെന്നാണ് ഉത്തരവ് പറയുന്നത്. എന്നാൽ കട്ട് ഓഫ് മാർക്ക് എത്രയെന്ന് ആ ഉത്തരവിലും വ്യക്തമാക്കിയില്ല.
കനത്ത പൊലീസ് സന്നാഹം മറികടന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻറർർവ്യൂ ഹാളിലെത്തിയത്. ക്രമക്കേടിനെ തെളിവ് സഹിതം ഇൻറർവ്യൂ ബോർഡിന് മുന്നിൽ ഉന്നയിച്ചപ്പോൾ 11 പേരെ പങ്കെടുപ്പിക്കില്ലെന്നും അഭിമുഖത്തിെൻറ പട്ടിക വൈകുന്നേരം തന്നെ പ്രസിദ്ധീകരിക്കുമെന്നും ഉറപ്പുനൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിഷ്ണു വിജയൻ, ശരത് മോഹൻ, കൗഷിക് എം. ദാസ്, നെഫ്സൽ കളത്തിക്കാട്, ഹർഷാദ് മുതിരപറമ്പ്, അജു ചിന്നക്കട, ഉണ്ണികൃഷ്ണൻ, ഗോകുൽ കടപ്പാക്കട എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.