കൊല്ലം: കനത്തമഴയിൽ രണ്ടുമാസത്തിനിടെ ജില്ലയിൽ 5.73 കോടിയുടെ കൃഷിനാശം. ചുട്ടുപൊള്ളുന്ന വേനലിന് ശേഷമെത്തിയ കാലവർഷത്തിൽ ജില്ലയിൽ രണ്ടുമാസത്തിനിടെ നശിച്ചത് 480.23 ഹെക്ടറിലെ കൃഷി. വലിയ നഷ്ടമുണ്ടായത് വാഴ കർഷകർക്കാണ്. ജില്ലയിൽ കുലച്ചതും കുലക്കാത്തതുമായി വിപണി മുന്നിൽക്കണ്ട് കൃഷിചെയ്ത 95,138 വാഴകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്. കാർഷിക വകുപ്പിന്റെ കണക്കുപ്രകാരം 5.02 കോടിയുടെ നഷ്ടമാണ് വാഴ കർഷകർക്ക് മാത്രമായി കണക്കാക്കിയത്.
കാലവർഷക്കെടുതിയിൽ ജില്ലയിലെ 3698 കർഷകരുടെ വിവിധ വിളകൾക്കാണ് നഷ്ടം സംഭവിച്ചത്. വേനൽ മഴയും പിന്നാലെയെത്തിയ കാലവർഷവുമാണ് കാർഷികമേഖലയിൽ വൻനാശം വിതച്ചത്. കാലവർഷ മഴക്ക് ഒപ്പമെത്തിയ ശക്തമായ കാറ്റാണ് കർഷകർക്ക് കണ്ണീർ സമ്മാനിച്ചത്. കാലവർഷത്തിൽ പതിവില്ലാത്ത പ്രാദേശിക ചുഴലികൾ വൻ നാശമാണ് കാർഷിക മേഖലയിൽ വിതച്ചത്. വൻ മരങ്ങളടക്കം കഴപുഴകിയ കാറ്റിൽ വൻതോതിൽ വാഴകളും ഒടിഞ്ഞു. കാറ്റിൽ ഒടിയാതിരിക്കാൻ താങ്ങുനൽകിയിരുന്നവയടക്കം നശിച്ചു. വേനൽച്ചൂട് ജില്ലയിലെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതം ഏൽപിച്ചിരുന്നു.
കാർഷിക വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തുതന്നെ ഏറ്റവും അധികം നഷ്ടം സംഭവിച്ച ജില്ലകളിൽ ഒന്നായിരുന്നു കൊല്ലം. 11.9351 കോടിയുടെ വിളകൾക്കാണ് അന്ന് ജില്ലയിൽ നാശം സംഭവിച്ചിരുന്നത്. അതിനു തൊട്ടുപിന്നാലെയാണ് ഇടിത്തീപോലെ കർഷകർക്ക് ദുരിതംവിതച്ച് വേനൽമഴയും കാലവർഷവും ഒരുമിച്ചെത്തിയത്. പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷകരെയാണ് കാലാവസ്ഥ വ്യതിയാനം പ്രതികൂലമായി ബാധിച്ചത്. ബാങ്കിൽ നിന്നു വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശക്കെടുത്തുമൊക്കെ കൃഷിയിറക്കിയവർക്ക് വിളനാശം നേരിടുന്നതിനാൽ വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടായത്. ഓണവിപണി മുന്നിൽകണ്ട് കൃഷിചെയ്ത പച്ചക്കറി കർഷകരും വാഴ കർഷകരുമാണ് കെടുതിയിൽ ഏറെ വലഞ്ഞത്. ഒരുമാസത്തിനുള്ളിൽ വിളവെടുക്കൽ പാകമായ വാഴകളാണ് ഒടിഞ്ഞു നശിച്ചത്.
സാധാരണ ലഭിക്കുന്ന വിളവ് കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് ലഭിച്ചതുമില്ല. കൂടുതൽ വിളനാശം സംഭവിച്ചത് ശാസ്താംകോട്ട താലൂക്കിലാണ്. 29.27 ഹെക്ടറിലായി 922 കർഷകരാണ് മഴക്കെടുതിയിൽ നഷ്ടം അനുഭവിച്ചത്.
1.48 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കിഴക്കൻ മലയോര മേഖലകളായ അഞ്ചൽ, പുനലൂർ, ചടയമംഗലം എന്നീ മേഖലകളിലും കൂടുതൽ നാശമുണ്ടായി. മഴയിൽ ലക്ഷക്കണക്കിന് വാഴകളാണ് നിലംപൊത്തിയത്. ഇവക്കു പുറമേ തെങ്ങ്, കുരുമുളക്, റബർ, കശുമാവ്, കപ്പ, നെല്ല്, പച്ചക്കറികൾ എന്നിവ വേറെയും നശിച്ചു.
പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ചാല്‍ ആദ്യം വിവരം കൃഷിഭവനില്‍ അറിയിക്കണം. നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് AIMS ആപ് ഡൗണ്‍ലോഡ് ചെയ്തോ വിവരം അധികൃതരെ അറിയിക്കാം. വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തവര്‍ 10 ദിവസത്തിനുള്ളിലും ചെയ്തവര്‍ 15 ദിവസത്തിനുള്ളിലും അപേക്ഷ സമര്‍പ്പിക്കണം. സ്ഥലപരിശോധന കഴിയും വരെ നാശനഷ്ടം സംഭവിച്ച വിളകള്‍ അതേപടി നിലനിര്‍ത്തണം. നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ട് വഴിയാകും ലഭിക്കുക. വിളകള്‍ക്ക് ഉണ്ടാക്കുന്ന പൂര്‍ണ നാശത്തിനു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഭാഗികമായ നഷ്ടം കണക്കാക്കില്ല. നെല്‍കൃഷിക്ക് 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാല്‍ പൂര്‍ണ നാശനഷ്ടമായി കണക്കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.