കൊല്ലം: വർധിക്കുന്ന താപനിലയും കഴിഞ്ഞ സീസണിലെ മഴയുടെ കുറവും ജില്ലയിൽ വരൾച്ചയുടെ തീവ്രത വർധിപ്പിക്കുന്നു. താരതമ്യേന മറ്റുജില്ലകളെക്കാൾ മഴ കുറവാണ് കഴിഞ്ഞവർഷം ജില്ലയിൽ ലഭിച്ചത്. ജില്ലയുടെ കിഴക്കൻമേഖലകളിലും കുടിവെള്ളക്ഷാമവും വരൾച്ചയും കഠിനമാകുകയാണ്. അരുവികളുടെയും നദികളുടെയും ഒഴുക്ക് നിലച്ചതോടെ തടാകങ്ങളിലും ജലസംഭരണികളിലും ജലനിരപ്പ് അടിത്തട്ടോളമായി. ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളത്തിന്റെ ആഴം കുറഞ്ഞു.
വരണ്ട കാലാവസ്ഥ തുടരുകയും ജലവിതരണ പ്രശ്നങ്ങളുണ്ടാകുകയും ചെയ്താൽ ജില്ല കടുത്ത വരൾച്ച ഭീഷണിയിലേക്കാകും നീങ്ങുക. താപനിലയും ബാഷ്പീകരണവും വർധിക്കുന്നതിനാൽ ജലലഭ്യത കുറയുന്നതിനിടയാക്കാൻ സാധ്യതകളേറെയാണ്. ജില്ലയിലെ അണക്കെട്ടുകൾ, തടാകങ്ങൾ, ജലസംഭരണികൾ, നദികൾ തുടങ്ങി എല്ലാ ജലസ്രോതസ്സുകളുടെയും ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്.
ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ കാർഷിക മേഖലയും വളർച്ചയുടെ ഭീഷണിയിലാണ്. ജലത്തിന്റെ അഭാവം മൂലം വിളകളെല്ലാം കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. വേനലവസാനിക്കാൻ ഇനിയും മാസങ്ങൾ അവശേഷിക്കെ, വരൾച്ച കൂടുതൽ കൃഷിനാശത്തിലേക്കെത്തുമോയെന്നാണ് കർഷകരുടെ ആശങ്ക.
ചൂടിന്റെ കാഠിന്യം കുറക്കാൻ വിളകളുടെ ചുവട്ടിൽ മറയിട്ട് നനച്ചുനൽകുന്നുണ്ട്. എന്നിരുന്നാലും ചൂട് കൂടുതലായതിനാൽ വാഴയുപ്പെടെയുള്ള വിളകൾ കരിഞ്ഞുണങ്ങുകയാണ്. മാത്രമല്ല, ഉയർന്ന താപനിലയും ബാഷ്പീകരണവും മണ്ണിലെ ഈർപ്പത്തിന്റെ കുറവും കർഷകർക്ക് വെല്ലുവിളിയായിരിക്കുകയാണ്.
കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ജലദൗര്‍ലഭ്യം നേരിട്ടേക്കാവുന്ന പ്രദേശങ്ങള്‍ മുന്നിൽക്കണ്ട് ജലലഭ്യത ഉറപ്പുവരുത്തേണ്ടതായുണ്ട്. ഇതിന് വനം-മൃഗസംരക്ഷണ-തദ്ദേശ വകുപ്പുകള്‍ മുന്‍കൈയെടുക്കണം. പക്ഷികള്‍ക്ക് വെള്ളം നല്‍കുന്നതിന് തണ്ണീർക്കുടങ്ങളും കാടുകളിൽ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതിനാൽ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കാനും ജനങ്ങളെ ആക്രമിക്കാനും സാധ്യതയുള്ളതിനാൽ കാട്ടിനുള്ളില്‍തന്നെ കുടിവെള്ളസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
ചൂട് കൂടുന്നതിനാൽ മൃഗങ്ങളിലെ പേവിഷബാധക്കും സാധ്യത വർധിക്കുകയാണ്. മൃഗങ്ങളെ വെയിലേൽക്കാത്ത സുരക്ഷിത സ്ഥലങ്ങളിൽ പാർപ്പിക്കേണ്ടതാണ്. പശു, ആട് എന്നിവയെ ഉച്ചസമയങ്ങളിൽ പാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും മേയാൻ കെട്ടുന്നതും ഒഴിവാക്കേണ്ടതാണ്. ഇവകൾക്ക് സൂര്യാതപമേൽക്കാനുള്ള സാധ്യതയും കൂടുതലാണ്.
ജില്ലയിൽ ചൂട് വർധിച്ചതിനാൽ സൂര്യാതപം, നിർജലീകരണം പോലുള്ള രോഗാവസ്ഥകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുതിർന്നവരും കുട്ടികളും ശ്രദ്ധപുലർത്തേണ്ടതായുണ്ട്. പരീക്ഷ അവധിയായതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ പോകാനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികള്‍ ജലാശയങ്ങളില്‍ പോകുന്നില്ലെന്ന് അധ്യാപകരും രക്ഷാകർത്താക്കളും ഉറപ്പുവരുത്തണം.
സ്കൂളുകളില്‍ കുട്ടികളെ അസംബ്ലികളില്‍ നിര്‍ത്തുന്നതും ജാഥകളിൽ കൊണ്ടുപോകുന്നതും ഒഴിവാക്കണം. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ പുറംതൊഴില്‍ ചെയ്യുന്നവര്‍ക്കായി സമയക്രമം പുനഃക്രമീകരിക്കാന്‍ തൊഴില്‍വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവർ കൃത്യമായ മുൻകരുതലുകൾക്കുശേഷം യാത്രതുടരുക.
പുനലൂർ: ചൂടിൽ പുനലൂരിൽ ജനങ്ങൾ വെന്തുവിയർക്കുമ്പോൾ യാത്രക്കാരായും അല്ലാതെയും പട്ടണത്തിലെത്തുന്നവർക്ക് കൂടിനീരെങ്കിലുമൊരുക്കാൻ അധികൃതർ തയാറായിട്ടില്ല. അധികരിക്കുന്ന ചൂടിൽ രക്ഷയേകാൻ കുടിവെള്ളമൊരുക്കുന്നതിനുള്ള ശ്രമം നഗരസഭയുടെയോ റവന്യൂ അധികൃതരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
നഗരമധ്യത്തിലൂടെ ജലസമൃദ്ധമായ കല്ലടയാർ ഒഴുകുന്നുണ്ടെങ്കിലും ഇതിലെ വെള്ളത്തിനൊന്നും ഇവിടെ ഉയരുന്ന ചൂട് തടുക്കാൻ കഴിയുന്നില്ല. ജില്ലയിലെ ഏറ്റവും കൂടിയ ചൂട് 37 ഡിഗ്രി സെൽഷ്യസ് പുനലൂരിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ പല ദിവസങ്ങളിലും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂട് പുനലൂരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മഴയുടെ ലാഞ്ചനപോലുമില്ലാത്തത്തിനാൽ വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത.
രാവിലെ പത്തോടെ ആരംഭിക്കുന്ന ചൂട് രാത്രി വൈകിയും അനുഭവപ്പെടുന്നു. പുലർച്ചയുള്ള നേരിയ തണുപ്പും ചെറിയ കാറ്റുമാണ് ഏക ആശ്വസം. കഠിന ചൂടിൽ ഭൂരിഭാഗം കിണറുകളിലെയും വെള്ളം താഴ്ന്നു. ഉയർന്ന ഭാഗങ്ങളിൽ ജനങ്ങൾ ശുദ്ധജലത്തിന് ബുദ്ധിമുട്ടുകയാണ്. കൂടാതെ, വയലേലകളും ചെറു അരുവികളുമെല്ലാം വറ്റിയിട്ടുണ്ട്. കോട്ട കെട്ടിയ പോലെ മലകളാൽ ചുറ്റപ്പെട്ട പട്ടണമുൾക്കൊള്ളുന്ന ഭാഗത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇവിടെ ചൂട് കൂടാനിടയാക്കുന്നതെന്ന് മുമ്പ് പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു.
പട്ടണത്തിലെ പല ഭാഗങ്ങളിൽ കുടിവെള്ളത്തിനായി നഗരസഭ മുമ്പ് സ്ഥാപിച്ച ക്വിയോസ്കുകൾ നശിച്ചതിനാൽ വെള്ളം കിട്ടാത്ത അവസ്ഥയിലാണ്. ഇത് നന്നാക്കി വെള്ളം വിതരണത്തിന് നഗരസഭ തയാറായിട്ടുമില്ല. മുമ്പൊക്കെ പട്ടണത്തിലെ വ്യാപാരികളും സന്നദ്ധ സംഘടകളും കടകൾക്കുമുന്നിലും മറ്റും കുടിവെള്ളമൊരുക്കുമായിരുന്നു. ഇത്തവണ ഇവരും വെള്ളം കൊടുക്കാൻ താൽപര്യപ്പെടുന്നില്ല.
1. പുനലൂർ 37 ഡിഗ്രി സെൽഷ്യസ്
2. പത്തനാപുരം 36 ഡിഗ്രി സെൽഷ്യസ്
3. കുന്നത്തൂർ 36 ഡിഗ്രി സെൽഷ്യസ്
4. കൊട്ടാരക്കര 35 ഡിഗ്രി സെൽഷ്യസ്
5. കരുനാഗപ്പള്ളി 34 ഡിഗ്രി സെൽഷ്യസ്
6. കൊല്ലം 33 ഡിഗ്രി സെൽഷ്യസ്
7. പരവൂർ 32 ഡിഗ്രി സെൽഷ്യസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.