കൊല്ലം: കഠിനമായ ചൂടാണ് രണ്ടാഴ്ചകളായി ജില്ലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ജില്ലയിലെ പുനലൂരുമുണ്ടായിരുന്നു. മഴയില്ലാത്തതിനെ തുടര്‍ന്ന് താപനില ഏകദേശം സാധാരണയെക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പഠനങ്ങൾ പറയുന്നു.
കുന്നത്തൂരിൽ താപനില 36 ഡിഗ്രി സെൽഷ്യസ്
തിങ്കളാഴ്ച കുന്നത്തൂർ താലൂക്കിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസാണ്. ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനിലയാണ്. മഴലഭിക്കാൻ കാലതാമസമെടുക്കുമെന്നതിനാൽ ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്.
കുടിവെള്ളക്ഷാമത്തിനും സാധ്യത ഏറെയാണ്. വാട്ടർ അതോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നീ വകുപ്പുകൾ ജില്ലയിൽ ജലക്ഷാമം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും വേണം. കുടിവെള്ള ടാങ്കറുകൾ ജനങ്ങളുടെ കൈയിൽനിന്ന് അമിതപണം ഈടാക്കി ചൂഷണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
പരമാവധി ശുദ്ധജലം കുടിക്കുക
ചൂട് കൂടുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതു ബാധിക്കാതിരിക്കാന്‍ പരമാവധി ശുദ്ധജലം കുടിക്കാൻ ജനങ്ങൾക്ക് ബോധവത്കരണം നൽകാനും ശ്രദ്ധിക്കേണ്ടതുണ്ട്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയുള്ള സമയങ്ങളിലാണ് ചൂട് കൂടുതൽ രേഖപ്പെടുത്തുന്നത്.
സൂര്യാഘാതത്തെ കരുതിയിരിക്കുക
ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാൻ വെളിയിടങ്ങളിൽ തൊഴിലെടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരക്കാരില്‍ സൂര്യാഘാത സാധ്യത വർധിക്കാനുള്ള സാധ്യതയുണ്ട്.
സൂര്യാഘാതം ഏല്ക്കുന്നതിന് പ്രായം വലിയ ഘടകമാണ്. ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സൂര്യാഘാതമേല്‍ക്കാനുളള സാധ്യത കൂടുതലാണ്. ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ആരോഗ്യാവസ്ഥ ഉള്ളവരിലും സാധ്യത കൂടുതലാണ്. ഇറുകിയതോ കട്ടി കൂടായതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കും സൂര്യാഘാതമേല്‍ക്കാം. ആര്‍ക്കെങ്കിലും സൂര്യാഘാതം ഏറ്റാല്‍ ഉടന്‍തന്നെ അടിയന്തര വൈദ്യസഹായം നല്‍കുക.
രോഗിയെ തണുത്തതും തണലുള്ളതുമായ സ്ഥലത്തേക്ക് കിടത്തുക. ഇറുകിയതോ കട്ടിയുള്ളതോ ആയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കില്‍ അവ നീക്കം ചെയ്യുക. വ്യക്തിക്ക് കാറ്റ് നല്കുകുകയും ചര്‍മത്തില്‍ തണുത്ത വെള്ളം പുരട്ടാവുന്നതുമാണ്. വ്യക്തി ബോധമുള്ള അവസ്ഥയിലാണെങ്കില്‍ കുടിവെള്ളം നല്‍കുക. വൈദ്യസഹായം എത്തുന്നത് വരെ ശ്വസനവും ഹൃദയമിടിപ്പും ശ്രദ്ധിക്കുക.
ചൂടിനെ മറികടക്കാം
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
- വേനൽച്ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷാകർത്താക്കളും പ്രത്യേകംശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
- ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
- അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
- കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
സൂര്യാഘാത ലക്ഷണങ്ങള്‍
- വർധിച്ച ശരീര താപനില
- വേഗത്തിലുള്ള ഹൃദയമിടിപ്പ്
- ദ്രുതഗതിയിലുളള ശ്വസനം
- തലവേദന
- ഓക്കാനം, ഛര്‍ദി
- തലകറക്കം അല്ലെങ്കില്‍ മന്ദത
- അബോധാവസ്ഥ
പ്രതിവിധികള്‍
- പുറത്തുപോകുമ്പോള്‍ കുടയും കൂടെ കരുതുക.
- അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്ന മദ്യത്തിന്റെയും കഫീന്റെയും ഉപയോഗം ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.