കൊല്ലം: കാവനാട് മണിയത്ത്മുക്കിൽ ഹാർഡ്വെയർ കടയിലുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. ദേശീയപാതയോരത്തെ ആർ.എസ് സാനിറ്ററി എന്ന ഹാർഡ്വെയറിലാണ് തീപിടിത്തമുണ്ടായത്. കടയും സാധനങ്ങളും പൂർണമായും നശിച്ചു.
ഈ കടയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന എ.എഫ്. ബ്രദേഴ്സ് എന്ന ആക്രിക്കടയും തീപടർന്ന് നശിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്ടിഓട്ടോ ഭാഗികമായി കത്തിനശിച്ചു. കനത്ത വിഷപ്പുക മണിക്കൂറുകളോളം പ്രദേശമാകെ വ്യാപിച്ചു. മറ്റ് അത്യാഹിതങ്ങളില്ല. അഗ്നിരക്ഷാസേനയുടെ ഒമ്പത് യൂനിറ്റുകൾ രണ്ടര മണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂർണമായും കെടുത്തിയത്. സാനിറ്ററി, ഇലക്ട്രോണിക് ഉൽപന്നങ്ങളും പെയിന്റും പോലുള്ള സാധനങ്ങൾ വിൽക്കുന്ന ആർ.എസ് സാനിറ്ററിയിൽ ഞായറാഴ്ച രാവിലെ 10.30ഓടെയാണ് തീകത്തിയത്. ഉടമ പ്രദീപ് രാവിലെ കട തുറന്ന് വിളക്ക് തെളിച്ചതിന് ശേഷം അടച്ച് പുറത്ത് പോയതിന് പിന്നാലെയാണ് കടക്കുള്ളിൽ തീ കത്തിപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
നാട്ടുകാർ അയണക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം സമീപത്തെ ആക്രിക്കടയിലേക്കുൾപ്പെടെ പടർന്നു. സമീപത്തെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നിന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇതിനിടയിൽ കടയിൽനിന്ന് വലയും മറ്റും നാട്ടുകാർ മാറ്റിയത് രക്ഷയായി. ചാമക്കട അഗ്നിരക്ഷാനിലത്തിൽനിന്ന് രണ്ട് യൂനിറ്റുകൾ ആണ് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ കടപ്പാക്കടയിൽനിന്ന് യൂനിറ്റ് എത്തി. ഹാർഡ്വെയർ കടയിലും ആക്രിക്കടയിലുമായി പി.വി.സി പൈപ്പുകൾ ഉൾപ്പെടെ പ്ലാസ്റ്റിക്, പെട്രോളിയം ഉൽപന്നങ്ങൾ കത്തിയുള്ള വിഷപ്പുകയും കടകൾ അടച്ചിരുന്നതും രക്ഷാപ്രവർത്തനം തുടക്കത്തിൽ ദുഷ്കരമാക്കി.
ആദ്യം മേൽക്കൂരക്കും ചുമരിനും ഇടയിലിലെ വിടവിലൂടെയാണ് വെള്ളം അകത്തേക്ക് ഒഴിച്ചത്. പിന്നീട് കടയുടെ ഷട്ടർ വടംകെട്ടി പൊളിച്ചാണ് അകത്തേക്ക് വെള്ളം ഒഴിച്ചത്. കടയുടെ സമീപത്തുള്ള ഉടമയുടെ വീട്ടിൽനിന്ന് മാതാവിനെ സുരക്ഷിതമായി മാറ്റി. വീട്ടിലേക്കും സമീപത്തുണ്ടായിരുന്ന വാഹനത്തിലേക്കുമുൾപ്പെടെ തീപടരാതെ തടയാൻ അഗ്നിരക്ഷാസേനക്ക് സാധിച്ചു. തീ നിയന്ത്രണാതീതമായേതാടെ ചവറ, കുണ്ടറ, കരുനാഗപ്പള്ളി, പരവൂർ എന്നിവിടങ്ങളിൽ നിന്നുള്ള യൂനിറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും മിക്കവാറും സാധനങ്ങൾ കത്തിയിരുന്നതായി ഉടമ പ്രദീപ് പറഞ്ഞു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. ഹാർഡ്വെയർ കടയിൽ മൂന്ന് കോടിയുടെയും ആക്രിക്കടയിൽ മൂന്ന് ലക്ഷത്തിന്റെയും നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
കൊല്ലം: മണിയത്തുമുക്കിലെ ഹാർഡ്വെയർ കടയിലെ തീപിടിത്തം വൻ ദുരന്തമാകാതെ കാത്തത് നാട്ടുകാരുടെ സമയോചിത ഇടപെടലും അഗ്നിരക്ഷാസേനയുടെ കഠിനാധ്വാനവും. രാവിലെ 10.30ഓടെ നാട്ടുകാരാണ് അടഞ്ഞുകിടന്ന ആർ.എസ്. സാനിറ്ററി ഷോപ്പിൽ തീ കണ്ടത്. അവർതന്നെ ഇടപെട്ട് തീകെടുത്താൻ ആവതുശ്രമിച്ചെങ്കിലും പിടിവിട്ട് ആക്രിക്കടയിലേക്കും തീപടരുകയായിരുന്നു.
പിന്നാലെ പൊലീസിനെ അറിയിച്ചു. 10.49 ഓടെ പൊലീസ് കൺട്രോൾ റൂമിൽ നിന്നാണ് ചാമക്കട അഗ്നിരക്ഷാസേന നിലയത്തിലേക്ക് കടക്ക് തീപിടിച്ചു എന്ന് അറിയിച്ച കാൾ എത്തിയത്. ഉടൻ ഫയർ എൻജിനും വാട്ടർ ലോറിയുമായി ചാമക്കട നിലയത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. അഞ്ച് മിനിറ്റിനകം കടപ്പാക്കട നിലയത്തിൽനിന്നും യൂനിറ്റ് എത്തി.
കടക്കുള്ളിലെ വസ്തുക്കളിൽ തീ ആളിപ്പടരുന്നതും കനത്ത പുകയും വെള്ളം ഒഴിച്ചുള്ള രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയതോടെ കൂടുതൽ അഗ്നിരക്ഷാകേന്ദ്രങ്ങളിൽ നിന്ന് സഹായം തേടാൻ നിർബന്ധിതരായി.
ഇതോടെയാണ് ചവറ ടൈറ്റാനിയം, കുണ്ടറ, കരുനാഗപ്പള്ളി, പരവൂർ എന്നിവിടങ്ങളിൽനിന്ന് ബാക്അപ് എത്തിയത്. വെള്ളം തീരുന്നതിനനുസരിച്ച് കടപ്പാക്കടയിൽനിന്നും വാട്ടർഅതോറിറ്റിയിൽനിന്നും നിറച്ച് സ്ഥലത്ത് എത്തിച്ചുകൊണ്ടിരുന്നു. ആദ്യഘട്ടം സമീപങ്ങളിലേക്ക് തീപടരാതെ കാത്ത അഗ്നിരക്ഷാസേന, പാർക്ക് ചെയ്തിരുന്ന പെട്ടിഓട്ടോ പൂർണമായും നശിക്കാതെ രക്ഷിച്ചു.
സാനിറ്ററി കടയുടെ ഷട്ടർ തകർത്ത് അകത്തെ വസ്തുക്കളിൽ വെള്ളം ഒഴിച്ച് തീകെടുത്തിയതിന് ശേഷം തീ വീണ്ടും ഉണ്ടാകാതിരിക്കാൻ ഫോമും പ്രയോഗിച്ചു. ശേഷം കോർപറേഷന്റെ രണ്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കത്തിയ അവശിഷ്ടങ്ങൾ ഇളക്കി വീണ്ടും വെള്ളം ഒഴിച്ച് അപകടം പൂർണമായും ഒഴിവായി എന്ന് ഉറപ്പാക്കിയാണ് അഗ്നിരക്ഷാസേന തിരികെപോയത്.
ഏകദേശം 115000 ലിറ്റർ വെള്ളമാണ് ഉപയോഗിച്ചത്. 600 ലിറ്ററോളം ഫോം ആണ് മൂടിനിർത്താൻ ഉപയോഗിച്ചത്. ചാമക്കട സ്റ്റേഷൻ ഓഫിസർ ഡി. ഉല്ലാസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ജില്ല ഫയർ ഓഫിസർ വിസി വിശ്വനാഥ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
65ഓളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. നാട്ടുകാരും സിവിൽ ഡിഫൻസ് അംഗങ്ങളും വൻ പങ്കാളിത്തം വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു ആദ്യവസാനം മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.