കൊല്ലം: പൊതുഖജനാവിലെ പണം ഉപയോഗിച്ച് ജില്ല പഞ്ചായത്ത് തുടങ്ങിയ കുടിവെള്ള പദ്ധതി സ്വകാര്യവ്യക്തികൾ കൈകാര്യം ചെയ്യുന്നത് സർക്കാർ പണത്തിെൻറ ദുരുപയോഗമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പവിത്രേശ്വരത്ത് പ്രവർത്തിക്കുന്ന നിള കുടിവെള്ള പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത് എല്ലാ ജനങ്ങൾക്കും തുല്യ അവകാശത്തോടെ അനുഭവവേദ്യമാക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഒരുമാസത്തിനകം നടപടി സ്വീകരിച്ച് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
ചെറുപൊയ്ക സ്വദേശി എസ്. സോമശേഖരൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പട്ടികജാതിയിൽപെട്ട പരാതിക്കാരന് നിള കുടിവെള്ള പദ്ധതിയിൽനിന്നുള്ള കണക്ഷൻ നൽകുന്നില്ലെന്നാണ് പരാതി. കമീഷൻ പവിത്രേശ്വരം പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. പദ്ധതിയിൽ പഞ്ചായത്തിന് നേരിട്ട് നിയന്ത്രണാധികാരങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2003-2004 കാലഘട്ടത്തിൽ ജില്ല പഞ്ചായത്ത് പവിത്രേശ്വരം പഞ്ചായത്ത് മുഖേനയാണ് പദ്ധതി നടപ്പാക്കിയതെന്ന് കമീഷൻ കണ്ടെത്തി. കുഴൽകിണറും മോട്ടോറും സ്ഥാപിച്ചത് ജില്ല പഞ്ചായത്താണ്.
തകരാറായപ്പോൾ ബി. രാഘവൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് നന്നാക്കിയത്. ശുദ്ധമായ കുടിവെള്ളം മൗലികാവകാശമാണെന്ന് സുപ്രീംകോടതിയും ഹൈകോടതിയും വിധിച്ചിട്ടുള്ള കാര്യം കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.
പരാതിക്കാരന് കുടിവെള്ള കണക്ഷൻ അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കണമെന്നും കമീഷൻ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.